കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ ദിലീപ് ഹൈക്കോടതിയിൽ ഹാജരാക്കിയ ശബ്ദ സന്ദേശം പുറത്ത്. വാട്‌സ്ആപ്പ് സന്ദേശമായി അയച്ച ഓഡിയോ ക്ലിപ്പാണ് പുറത്തുവിട്ടിരിക്കുന്നത്. ബാലചന്ദ്രകുമാർ കടം വാങ്ങിയവരോട് ദിലീപ് സംസാരിക്കണമെന്നും സിനിമ നാല് മാസത്തിനുള്ളിൽ ഉണ്ടാകുമെന്ന് കള്ളം പറയണമെന്നും ഓഡിയോയിൽ പറയുന്നു.
2021 ഏപ്രിൽ 14ന് അയച്ച സന്ദേശമാണ് താനിപ്പോൾ പുറത്തുവിട്ടിരിക്കുന്നതെന്ന് ദിലീപ് കോടതിയിൽ അറിയിച്ചു. ബാലചന്ദ്രകുമാർ നേരത്തെ ദിലീപിന് അയച്ച ശബ്ദസന്ദേശമാണിതെന്നാണ് സൂചന. അതേസമയം ദിലീപിനെതിരായ ശബ്ദരേഖ ബാലചന്ദ്രകുമാർ ഇന്നലെ പുറത്തുവിട്ടിരുന്നു. ദിലീപും സഹോദരൻ അനൂപും ചേർന്ന് അന്വേഷണ ഉദ്യോഗസ്ഥരെ തെളിവില്ലാതെ എങ്ങനെ കൊല്ലണമെന്ന് ഗൂഢാലോചന നടത്തുന്നതാണ് ശബ്ദത്തിലുള്ളതെന്ന് ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു.
ഒരാളെ തട്ടാൻ തീരുമാനിക്കുമ്പോൾ അത് എപ്പോഴും ഗ്രൂപ്പിലിട്ട് തട്ടിയേക്കണ’മെന്ന് ദിലീപ് അനൂപിനോട് പറയുന്നതാണ് സന്ദേശത്തിലുള്ളത്. ‘ഒരു വർഷം ഒരു ലിസ്റ്റും ഉണ്ടാകരുതെ’ന്നും ദിലീപ് പറയുന്നു. ഇതിന് മറുപടിയായി ‘ഒരു റെക്കോർഡും ഉണ്ടാക്കരുത്, ഫോൺ ഉപയോഗിക്കരുതെ’ന്ന് അനൂപ് ദിലീപിന് മറുപടിയായി പറയുന്നതും ഓഡിയോയിൽ വ്യക്തമാണ്. തിങ്കളാഴ്‌ച്ച ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിധി പറയാനിരിക്കെയാണ് ശബ്ദ രേഖകൾ പുറത്തുവരുന്നത്.
















Comments