ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇൻഡോർ, ഔട്ട്‌ഡോർ പരിപാടികളിൽ പങ്കെടുക്കാൻ കഴിയുന്നവരുടെ എണ്ണം ഉയർത്തി. അടച്ചിട്ട ഹാളുകളിൽ നടക്കുന്ന പരിപാടികളിൽ പരമാവധി ശേഷിയുടെ 50 ശതമാനം പേർക്ക് പങ്കെടുക്കാം. ഔട്ട്‌ഡോർ വേദികളിൽ പരമാവധി ശേഷിയുടെ 30 ശതമാനം പേർക്ക് പങ്കെടുക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം അതാത് ജില്ലകളിലെ തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് നിശ്ചയിക്കാം. ഇൻഡോർ, ഔട്ട്‌ഡോർ പരിപാടികൾ സംബന്ധിച്ച് സംസ്ഥാനങ്ങളിലെ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവുകൾ പാലിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം റോഡ് ഷോയ്‌ക്കും പൊതു റാലികൾക്കും ഏർപ്പെടുത്തിയ നിരോധനം തുടരും.
വീടുകൾ കയറിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പരമാവധി 20 പേരെയാണ് അനുവദിക്കുക. രാത്രി എട്ട് മണി മുതൽ രാവിലെ എട്ട് വരെയുള്ള പ്രചാരണ പരിപാടികൾക്കുള്ള നിയന്ത്രണവും തുടരും. രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് പ്രചാരണ പരിപാടികൾക്ക് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചത്.
Comments