കോട്ടയം: മഹാത്മാഗാന്ധി സർവ്വകലാശാല (എംജി) ആസ്ഥാനത്തേയ്‌ക്ക് എബിവിപി പ്രവർത്തകർ നടത്തിയ മാർച്ചിന് നേരെ പോലീസ് അതിക്രമം. സർട്ടീഫിക്കറ്റുകൾ നൽകുന്നതിന് വിദ്യാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റിനേയും ഒത്താശചെയ്തവരെയും ജോലിയിൽ നിന്നും പുറത്താക്കുക, കോഴ വിവാദത്തിൽ സമഗ്രമായ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു എബിവിപിയുടെ മാർച്ച്.
ഉദ്ഘാടന പ്രസംഗം കഴിഞ്ഞ ഉടൻ പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. ജലപീരങ്കിലും ലാത്തിച്ചാർജും നടത്തി നടത്തി. വനിതാ പ്രവർത്തകർക്ക് അടക്കം പോലീസ് അതിക്രമത്തിൽ പരിക്കേറ്റു. ഒരുപ്രവർത്തകന്റെ തലയ്‌ക്ക് പോലീസിന്റെ അടിയേറ്റ് ഗുരുതരമായി പരിക്കേറ്റു.
പോലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രവർത്തകർ റോഡ് ഉപരോധിച്ചു. പോലീസ് അതിക്രമത്തിൽ പരിക്കേറ്റ സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി, ജോയിന്റ് സെക്രട്ടറി ഗോകുൽ പ്രസാദ്, അരവിന്ദ് എന്നിവരടക്കമുള്ള അഞ്ച് പ്രവർത്തകരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിന്നീട് കൂടുതൽ പോലീസ് എത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. 20തോളം പ്രവർത്തകർ അറസ്റ്റിലായി. കൈക്കൂലി കേസിൽ കുറ്റക്കാർക്കെതിരെ കർശനമായ നടപടിയെടുക്കുന്നത് വരെ ശക്തമായ സമരം തുടരുമെന്ന് എബിവിപി നേതാക്കൾ പറഞ്ഞു. സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി മാർച്ച് ഉദ്ഘാടനം ചെയ്തു.
Comments