ന്യൂഡൽഹി : ഭക്ഷ്യ പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്‌ക്ക് ആശ്വാസമായി ഇന്ത്യ. ആവശ്യമായ അരി ശ്രീലങ്ക ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്യും. ആഭ്യന്തര വിപണിയിൽ അരിയുടെ വില നിയന്ത്രിച്ച് പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിൽ നിന്നും അരി ഇറക്കുമതി ചെയ്യുന്നത്.
മൂന്ന് ലക്ഷം മെട്രിക് ടൺ അരിയാണ് ശ്രീലങ്ക ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്യുക. ഇന്ത്യയ്‌ക്ക് പുറമേ മ്യാൻമറിൽ നിന്നും അരി ശേഖരിക്കും. ഒരു ലക്ഷം മെട്രിക് ടൺ അരിയാണ് മ്യാൻമറിൽ നിന്നും ഇറക്കുമതി ചെയ്യുക. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ശ്രീലങ്കൻ അധികൃതർ അറിയിച്ചു. വാണിജ്യമന്ത്രാലയവുമായി സഹകരിച്ചാണ് ശ്രീലങ്ക അരി ഇറക്കുമതി ചെയ്യുന്നത്.
ചില മില്ലുടമകൾ അരി പൂഴ്‌ത്തിവച്ചതിനെ തുടർന്നാണ് ആഭ്യന്തര വിപണിയിൽ വില കുതിച്ചുയർന്നത്. തത്ഫലമായി ഉപഭോക്താക്കൾ വലിയ വില നൽകേണ്ട അവസ്ഥയായി. ഇതോടെയാണ് മറ്റ് രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യാൻ അധികൃതർ തീരുമാനിച്ചത്. തുടർന്ന് ഇന്ത്യയയെയും മ്യാൻമറിനെയും സമീപിക്കുകയായിരുന്നു.
രാജ്യത്ത് ഒരാൾ ഒരു വർഷം 104.5 കിലോ അരി ഭക്ഷിക്കുന്നുണ്ടെന്നാണ് കണക്കുകൾ. ഇത്തരത്തിൽ ഒരു വർഷം രാജ്യത്ത് 2.1 മില്യൺ ടൺ അരി ആവശ്യമാണ്. ഇതിനായി നാല് മില്യൺ മെട്രിക് ടണിൽ നെൽകൃഷി ചെയ്യേണ്ടതുണ്ട്.
Comments