ന്യൂഡൽഹി : രാജ്യവിരുദ്ധ വാർത്തകളും, ഉള്ളടക്കങ്ങളും പ്രചരിപ്പിച്ച സമൂഹമാദ്ധ്യമ അക്കൗണ്ടുകൾക്കെതിരെ കർശന നടപടി സ്വീകരിച്ച് കേന്ദ്രസർക്കാർ. കഴിഞ്ഞ രണ്ട് മാസത്തിനിടെ 60 സമൂഹമാദ്ധ്യമ അക്കൗണ്ടുകളാണ് കേന്ദ്രസർക്കാർ ബ്ലോക്ക് ചെയ്തത്. രാജ്യസഭയിൽ കേന്ദ്രവാർത്താ വിതരണ സഹമന്ത്രി എൽ. മുരുകനാണ് ഇക്കാര്യം അറിയിച്ചത്.
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് അക്കൗണ്ടുകൾക്കെതിരെയാണ് കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചിരിക്കുന്നത്. ബ്ലോക്ക് ആക്കിയ യൂട്യൂബ് ചാനലുകളെല്ലാം പാകിസ്താൻ പിന്തുണയോടെ പ്രവർത്തിക്കുന്നവയാണ്. ജനുവരിയിൽ 21 യൂട്യൂബ് ചാനലുകളും, ഡിസംബറിൽ 20 യൂട്യൂബ് ചാനലുകളുമാണ് ബ്ലോക്ക് ചെയ്തത്. ജനുവരിയിൽ രാജ്യവിരുദ്ധ ഉള്ളടക്കം പ്രചരിപ്പിച്ച രണ്ട് വെബ്‌സെറ്റുകൾ സർക്കാർ ബ്ലോക്ക് ചെയ്തു. ഇതിന് പുറമേ രണ്ട് ട്വിറ്റർ അക്കൗണ്ടുകൾ, രണ്ട് ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ, ഒരു ഫേസ്ബുക്ക് അക്കൗണ്ട് എന്നിവയ്‌ക്കെതിരെ കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്.
സമൂഹമാദ്ധ്യമങ്ങളിൽ രാജ്യവിരുദ്ധത വാർത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കനാണ് കേന്ദ്രസർക്കാർ തീരുമാനമെന്ന് എൽ മുരുകൻ പറഞ്ഞു. മാദ്ധ്യമ പ്രവർത്തകർ ധാർമ്മികത കാത്തുസൂക്ഷിക്കണം. അച്ചടിമാദ്ധ്യമങ്ങൾവഴി രാജ്യവിരുദ്ധ ഉള്ളടക്കങ്ങൾ സ്വീകരിച്ചാൽ പ്രസ് കൗൺസിൽ നിയമ പ്രകാരം നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പഠനസഹായിയായ ആപ്പുകളിലൂടെ രാജ്യവിരുദ്ധ ഉള്ളടക്കങ്ങൾ തടയാൻ ഫാക്ട് ചെക്ക് യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. 2019 ലാണ് ഫാക്ട് ചെക്ക് യൂണിറ്റ് സ്ഥാപിച്ചത്. കേബിൽ നെറ്റ്‌വർക്ക്‌സ് റെഗുലേഷൻ നിയമം 1995 പ്രകാരമുള്ള നിർദ്ദേശങ്ങൾ ഇലക്ടോണിക് മാദ്ധ്യമങ്ങളും പാലിക്കണമെന്നും അദ്ദേഹം നിർദ്ദേശം നൽകി.
















Comments