ദുബായ് : യുഎഇയിൽ ഫെബ്രുവരി പകുതിയോടെ കൊറോണ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നു. കേസുകൾ കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണളിൽ ഇളവ് വരുത്തുന്നതെന്ന് യുഎഇ ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. വിനോദ പരിപാടികളിലും മറ്റും പങ്കെടുക്കുന്നവരുടെ എണ്ണത്തിലുള്ള നിയന്ത്രണം പൂർണമായും ഒഴിവാക്കുമെന്നും അധികൃതർ അറിയിച്ചു.
ആരോധനാലയങ്ങളിൽ സാമൂഹിക അകലം ഒരു മീറ്ററായി കുറച്ചിട്ടുണ്ട്. വിനോദ സഞ്ചാര മേഖലകളിലും ഷോപ്പിംഗ് മാളുകളിലും നടക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിലുണ്ടായിരുന്ന നിയന്ത്രണം ഫെബ്രുവരി പകുതിയോടെ പൂർണമായും ഒഴിവാക്കും. വിവാഹം, സംസ്‌ക്കാരച്ചടങ്ങുകൾ, തുടങ്ങി വിവിധ ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ പരമാവധി ശേഷി ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്. പരിപാടികളിൽ അനുവദിക്കാവുന്ന അതിഥികളുടെ എണ്ണം ഓരോ എമിറേറ്റിനും തീരുമാനിക്കാം. സാഹചര്യങ്ങൾക്കനുസരിച്ച് നടപടികൾ കർശനമാക്കാനും നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനും ഓരോ എമിറേറ്റിനും അധികാരം നൽകിയിട്ടുണ്ട്.
ഓരോ എമിറേറ്റിനും പ്രത്യേകമായി ദുരന്ത നിവാരണ സമിതിയുള്ളതിനാൽ , പ്രദേശിക തലത്തിൽ തീരുമാനമെടുക്കുന്നത് ഇത്തരം സമിതികളാണ്. എങ്കിലും അൽഹൊസൻ ആപ്പിലെ ഗ്രീൻ പാസിന്റെ ആവശ്യകതകൾ ഓരോ രുത്തരും പാലിക്കേണ്ടതുണ്ടെന്നും മാസ്‌ക്ക് നിർബന്ധമായും ധരിക്കണമെന്നും അധികൃതർ വ്യക്തമാക്കി. യുഎഇയിൽ 1538 പേരിലാണ് പുതുതായി കൊറോണ ബാധ സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 2457 പേർ രോഗമുക്തിയും നേടിയിരുന്നു.
Comments