ന്യൂഡൽഹി : കോൺഗ്രസിന്റെ സാമ്പത്തിക പ്രതിസന്ധി തുറന്ന് കാട്ടുന്ന കൂടുതൽ കണക്കുകൾ പുറത്ത്. സോണിയ ഗാന്ധിയുടെ ഡൽഹിയിലെ ഔദ്യോഗിക വസതിയുടെയും കോൺഗ്രസ് ആസ്ഥാനത്തിന്റെയും വാടക മാസങ്ങളായി അടച്ചിട്ടില്ല എന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. 4,610 രൂപയാണ് സോണിയയുടെ വസതിയുടെ മാസവാടക. 2020 സെപ്റ്റംബറിലാണ് അവസാനമായി വാടക കൊടുത്തത്. കടക്കെണിയിൽ പെട്ട് കിടക്കുന്ന കോൺഗ്രസിനെ കൂടുതൽ നാണം കെടുത്തുന്നതാണ് പുതിയ വിവരങ്ങൾ.
സുജിത് പട്ടേൽ സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി കേന്ദ്ര ഭവന, നഗര വികസന മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോൺഗ്രസിന്റെ മൂന്ന് ബംഗ്ലാവുകളുടെ വാടകയും വർഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്. 26, അക്ബർ റോഡിലെ ബംഗ്ലാവ്, ചാണക്യപുരിയിലെ C-II/109 ബംഗ്ലാവ്, സോണിയയുടെ ജൻപഥ് ബംഗ്ലാവ് എന്നിവയുടെ വാടക കുശ്ശികയാണ് മുടങ്ങിക്കിടക്കുന്നത്. അക്ബർ റോഡിലെ ബംഗ്ലാവിന് 12,69,902 രൂപ വാടകയാണ് കെട്ടിക്കിടക്കുന്നത്. 2012 ഡിസംബറിലാണ് ഇതിന് അവസാനമായി വാടക നൽകിയത്.
ചാണക്യപുരിയിലെ ബംഗ്ലാവിന് 5,07,911 രൂപയാണ് കെട്ടിക്കിടക്കുന്നത്. 2013 ഓഗസ്റ്റിലാണ് കോൺഗ്രസ് അവസാനമായി വാടക നൽകിയിരിക്കുന്നത്. സോണിയയുടെ ജൻപഥ് ബംഗ്ലാവിന്റെ വാടക കുടിശ്ശികയും വർഷങ്ങളായി അടച്ചിട്ടില്ല.
നേരത്തെ 2015 ൽ അക്ബർ റോഡിലെ ബംഗ്ലാവിൽ നിന്നും ചാണക്യപുകിയിലെ വസതിയിൽ നിന്നും ഒഴിയണമെന്ന് നഗരവികസന മന്ത്രാലയം അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. 5,181 ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന ജൻപഥ് ബംഗ്ലാവ്, 1991-ൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതു മുതൽ സോണിയാ ഗാന്ധിയുടെ സ്വകാര്യ വസതിയായി തുടരുകയാണ്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ലോക് കല്യാൺ മാർഗിനേക്കാൾ വലുതാണ് ഇത്.
Comments