റോം/ ന്യൂഡൽഹി : ഇന്ത്യയിൽ നിന്നും മോഷണം പോയ ബുദ്ധവിഗ്രഹം ഇറ്റലിയിൽ നിന്നും കണ്ടെടുത്തു. നൂറ്റാണ്ടുകൾ പഴക്കമുള്ള ബോധിസത്വ വിഗ്രഹമാണ് കണ്ടെടുത്തത്. വിഗ്രഹം ഉടൻ ഇന്ത്യയ്ക്ക് കൈമാറും.
ബീഹാറിലെ കുർഖിഹാറിലുള്ള ദേവസ്ഥാൻ കുണ്ടൽപുർ ക്ഷേത്രത്തിലെ വിഗ്രഹമാണ് ഇത്. 22 വർഷങ്ങൾക്ക് മുൻപ് 2000 ൽ ആണ് ഇവിടെ നിന്നും വിഗ്രഹം കാണാതെ പോയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിഗ്രഹം വിദേശത്ത് കടത്തിയതായി വ്യക്തമായി. തുടർന്ന് ഇത് കണ്ടെടുക്കാനുള്ള അന്വേഷണത്തിലായിരുന്നു അധികൃതർ. വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ആർട്ട് റിക്കവറി ഇന്റർനാഷണൽ ആണ് വിഗ്രഹം ഇറ്റലിയിൽ നിന്നും കണ്ടെത്തിയത്. ഒൻപതാം നൂറ്റാണ്ടു മുതൽ 12ാം നൂറ്റാണ്ടുവരെ പ്രധാന ബുദ്ധ തീർത്ഥാടന കേന്ദ്രമായിരുന്നു കുർഖിഹാരിലെ വേദവസ്ഥാൻ കുണ്ടൽപുർ ക്ഷേത്രം.
വിഗ്രഹത്തോടൊപ്പം ഇവിടെ നിന്നും നിരവധി പ്രതിമകളും കാണാതെ പോയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇവ വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ടാമത്തെ വിഗ്രഹമാണ് ഇത്. ഡിസംബറിൽ ഇന്ത്യയിൽ നിന്നും ഇംഗ്ലണ്ടിലേക്ക് കടത്തിയ യോഗിണി വിഗ്രഹം കണ്ടെടുത്തിരുന്നു.
















Comments