തിരുവനന്തപുരം : വെമ്പായത്ത് ദേഹത്ത് പെട്രോൾ ഒഴിച്ച് യുവാവിന്റെ ആത്മഹത്യാ ഭീഷണി. ഈറ്റിമൂട് സ്വദേശിയായ യുവാവാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. പിണങ്ങിപ്പോയ ഭാര്യയെ തിരികെ കൊണ്ടുവരാൻ പോലീസ് ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത് എന്നാണ് വിവരം.
ഉച്ചയോടെയായിരുന്നു സംഭവം. അമ്മയെയും, സഹോദരിയെയും വീടിന് പുറത്താക്കി വാതിലടച്ച ശേഷം ഇയാൾ സഹോദരന്റെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് മുറിയിൽ പൂട്ടിയിടുകയായിരുന്നു. തുടർന്ന് സ്വന്തം ശരീരത്തിലും പെട്രോൾ ഒഴിച്ചു. അമ്മയുടെയും, സഹോദരിയുടെയും നിലവിളികേട്ട് എത്തിയ നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്.
നാട്ടുകാരും പോലീസും ചേർന്ന് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് വഴങ്ങിയില്ല.
പിന്നീട് രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് യുവാവിനെ ആത്മഹത്യാ ശ്രമത്തിൽ നിന്നും പിന്തിരിപ്പിച്ചത്. വെഞ്ഞാറംമൂട് സിഐ എത്തി യുവാവിനോട് സംസാരിക്കുകയും, വീടിന് പുറകുവശത്തേക്ക് കൊണ്ടുവരികയും ചെയ്തു. ഈ സമയം സ്ഥലത്തുണ്ടായിരുന്ന ഫയർഫോഴ്സ് യുവാവിന്റെ ശരീരത്തിലേക്ക് വെള്ളം ചീറ്റുകയായിരുന്നു. ഇതേ സമയത്ത് വാതിൽ പൊളിച്ച് അകത്തുകടന്ന പോലീസ് സഹോദരനെയും രക്ഷിച്ചു.
മാനസിക വെല്ലുവിളി നേരിടുന്നയാളാണ് യുവാവ് എന്നാണ് വിവരം. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments