തിരുവനന്തപുരം: വർക്കലയിൽ റിസോർട്ടിൽ വൻ മയക്കുമരുന്ന് വേട്ട. മാരക ലഹരിമരുന്നായ എംഡിഎംഎയും കിലോ കഞ്ചാവും പിടിച്ചെടുത്തു. സംഭവത്തിൽ റിസോർട്ട് ഉടമ സൽമാനും ഒരു പെണ്കുട്ടിയും അടക്കം 10 പേരെ പോലീസ് പിടികൂടി.
സൗത്ത് ക്ലിഫിൽ പ്രവർത്തിക്കുന്ന ജംഗിൾ ക്ലിഫ് റിസോർട്ടിലെ കോട്ടജിൽ നിന്നുമാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. പോലീസിന്റെയും ഡാൻസഫ് ടീമിന്റെയും നർക്കോട്ടിക് വിഭാഗത്തിന്റെയും സംയുക്ത മിന്നൽ പരിശോധനയിൽ ആയിരുന്നു ലഹരിവസ്തുക്കൾ കണ്ടെടുത്തത്. ഏഴ് കിലോ കഞ്ചാവും, 0.9 ഗ്രാം എംഡിഎംഎയുമാണ് പരിശോധനയിൽ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർകോട്ടിക് ഡി വൈ എസ് പി രാസിതിന്റെ നേതൃത്വത്തിൽ ആണ് ഉച്ചയോടെ മിന്നൽ പരിശോധന നടത്തിയത്. വിൽപ്പന നടത്തുന്നതിന് വേണ്ടിയാണ് റിസോർട്ടിലേക്ക് കഞ്ചാവും ലഹരി വസ്തുക്കളും എത്തിച്ചതെന്നാണ് വിവരം. സംഘത്തിലെ പെണ്കുട്ടിയെ മുൻ നിർത്തിയാണ് ലഹരി മരുന്ന് കച്ചവടം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
വിനോദ സഞ്ചാര കേന്ദ്രങ്ങളായ കാപ്പിൽ , ഇടവ, പരവൂർ , വർക്കല എന്നീ സ്ഥലങ്ങളിൽ വ്യാപകമായി യുവാക്കളെ കേന്ദ്രീകരിച്ച് ഇവർ കച്ചവടം നടത്തി വരികയായിരുന്നു. ഇവരുടെ രണ്ട് ബൈക്കും ഒരു കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. വർക്കല എസ് എൻ കോളേജ് കേന്ദ്രീകരിച്ചു മയക്കുമരുന്നു കച്ചവടം നടക്കുന്നതായും പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
Comments