ന്യൂഡൽഹി: ഔദ്യോഗിക വസതി ഉൾപ്പെടെ കെെവശം വച്ചിരിക്കുന്ന പല വസ്തുവകകൾക്കും വാടക നൽകാതെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ. സാമൂഹിക പ്രവർത്തകനായ സുജിത് പട്ടേൽ സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. അക്ബർ റോഡിലുള്ള കോൺഗ്രസ് പാർട്ടി ആസ്ഥാനം പ്രവർത്തിക്കുന്ന കെട്ടിടത്തിന് 12,69,902 രൂപ വാടക കുടിശികയാണുള്ളത്. 2012 ഡിസംബറിലാണ് ഈ കെട്ടിടത്തിന് അവസാനമായി വാടക നൽകിയിട്ടുള്ളത്.
സമാനമായി ജൻപഥ് റോഡിലുള്ള സോണിയയുടെ വസതിക്ക് 4,610 രൂപ വാടക നൽകാനുണ്ട്. അവസാനമായി വാടക കൊടുത്തത് 2020 സെപ്റ്റംബറിലാണ്. സോണിയാ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറി വിൻസെന്റ് ജോർജ്ജിന് 5,07,911 രൂപ വാടക കുടിശികയുണ്ട്. ന്യൂഡൽഹിയിലെ ചാണക്യപുരിയിലെ ബംഗ്ലാവിലാണ് ഇദ്ദേഹം താമസിക്കുന്നത്. ഇവിടെ അവസാനമായി വാടക അടച്ചത് 2013 ഓഗസ്റ്റിലാണ്.
സോണിയാ ഗാന്ധിക്ക് അഴിമതി നടത്താൻ കഴിയാത്തത് കൊണ്ടാണ് വാടക നൽകാൻ കഴിയാത്തതെന്ന് ബിജെപി നേതാവ് തജീന്ദർ പാൽ സിംഗ് ബഗ്ഗ പരിഹസിച്ചു. ‘ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷം സോണിയ ഗാന്ധിക്ക് അഴിമതി നടത്താൻ പറ്റാത്തത് കൊണ്ട് വാടക കൊടുക്കാനും കഴിയുന്നില്ല. അവർക്ക് അഴിമതി നടത്താൻ കഴിയുന്നില്ല എന്നത് വ്യക്തമാണ്. അതുകൊണ്ട് എല്ലാവരും രാഷ്ട്രീയ ഭേദമന്യേ ഒരു മനുഷ്യനെന്ന നിലയിൽ അവരെ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. #സോണിയഗാന്ധിറിലീഫ്ഫണ്ട് എന്ന പേരിൽ ഒരു ക്യാമ്പെയിൻ ആരംഭിച്ചിരിക്കുകയാണ്. ഞാൻ അവരുടെ അക്കൗണ്ടിലേക്ക് 10 രൂപ അയച്ചിട്ടുണ്ട്. എല്ലാവരും അവരെ സഹായിക്കണമെന്നും’ അദ്ദേഹത്തിന്റെ ട്വീറ്റിൽ പറയുന്നു. പണം കൈമാറിയതിന്റെ സ്ക്രീൻ ഷോട്ടും ഇദ്ദേഹം പങ്കു വച്ചിട്ടുണ്ട്.
Comments