തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ചടങ്ങിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചയാളെ മർദ്ദനത്തിൽ നിന്ന് രക്ഷിച്ച പോലീസുകാരനെ ആദരിച്ചു. അരുവിക്കര എസ്‌ഐ കിരൺ ശ്യാമിനെയാണ് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് പ്രശസ്തി പത്രം നൽകി ആദരിച്ചത്. തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.
കഴിഞ്ഞ ദിവസം പൂവച്ചൽ സ്‌കൂളിൽ സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു പ്ലാവൂർ സ്വദേശിയായ ബിനു ചടങ്ങിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചത്. അപ്രതീക്ഷിതമായി ഒരാൾ വേദിയിലേക്ക് കയറുന്നതു കണ്ട പോലീസുകാർ ബിനുവിനെ തടഞ്ഞു.
എന്നാൽ മുഖ്യമന്ത്രിയോട് ചിലത് പറയാനുണ്ടെന്ന് പറഞ്ഞ് ഇയാൾ വീണ്ടും വേദിയിലേക്ക് കയറാൻ ശ്രമിക്കുകയായിരുന്നു.ബഹളത്തിനിടയിൽ തറയിൽ വീണ ബിനുവിന്റെ മുകളിലൂടെ കിടന്നാണ് എസ്‌ഐ കിരൺ ശ്യാം മർദ്ദനം തടഞ്ഞത്.മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ബിനുവെന്ന് പോലീസ് പിന്നീട് വ്യക്തമാക്കിയിരുന്നു.
തന്റെ കർത്തവ്യമാണ് ചെയ്തതതെന്നും ക്രഡിറ്റ് പോലീസ് സേനയ്‌ക്കാണെന്നും എസ്‌ഐ പ്രതികരിച്ചു.എഡിജിപി മനോജ് എബ്രഹാം, ദക്ഷിണമേഖല ഐജി പി പ്രകാശ്, തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. ദിവ്യ വി ഗോപിനാഥ് എന്നിവരും മറ്റു മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
















Comments