കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ അന്തേവാസികള്‍ തമ്മിലുണ്ടായ അടിപിടിയെ തുടര്‍ന്ന് യുവതി മരിക്കാനിടയായ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാനസികാരോഗ്യകേന്ദ്രം സന്ദര്‍ശിച്ച മനുഷ്യാവകാശ കമ്മിഷന്‍ അംഗം കെ ബൈജുനാഥ് ആണ് കേസെടുത്തത്. കൊലപാകത്തില്‍ വീഴ്ചയുണ്ടായോ എന്ന കാര്യം അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അന്തേവാസികളോട് ജീവനക്കാര്‍ അനുഭാവ പൂര്‍ണം പെരുമാറണം. ജീവനക്കാരുടെ കുറവുണ്ട്., ആവശ്യത്തിന് വനിത സെക്യൂരിറ്റി ജീവനക്കാരില്ല. ഇതടക്കം നിരവധി പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. നേരത്തെ തന്നെ ഇക്കാര്യങ്ങള്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജീവനക്കാരുടെ എണ്ണം എത്രയും പെട്ടെന്ന് ഉയര്‍ത്തിയില്ലെങ്കില്‍ ഇനിയും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 28 ന് തലശ്ശേരി മഹിളാ മന്ദിരത്തില്‍ നിന്ന് കുതിരവട്ടത്തേക്ക് എത്തിച്ച മഹാരാഷ്‌ട്ര സ്വദേശിനി ജിയാറാം ജിലോട്ടിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിനെ അന്വേഷിച്ചു തലശ്ശേരിയില്‍ എത്തിയതായിരുന്നു യുവതി.
കിടക്കുന്ന കട്ടിലിനു വേണ്ടി കൊല്‍ക്കത്ത സ്വദേശിയും സഹ തടവുകാരിയുമായ തജ്മല്‍ ബീവിയുമായി തര്‍ക്കം ഉണ്ടായെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ 15 ദിവസത്തിനകം ആശുപത്രി സൂപ്രണ്ടും മനുഷ്യാവകാശ കമ്മിഷന് റിപ്പോര്‍ട്ടു നല്‍കണം.
















Comments