ബെംഗളൂരു: ഐപിഎൽ താരലേലം പുന:രാരംഭിച്ചു. ലേലം നിയന്ത്രിച്ചിരുന്ന ഹ്യു എഡ്മിഡസ് കുഴഞ്ഞു വീണതിനെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു ലേലം. ചാരു ശർമയുടെ നേതൃത്വത്തിലാണ് ലേലം പുന:രാരംഭിച്ചത്. 370 ഇന്ത്യൻ താരങ്ങളും 220 വിദേശതാരങ്ങളുമുള്ള പട്ടികയിൽ നിന്ന് പ്രിയ താരങ്ങൾക്കായി കോടികളാണ് ടീമുകൾ ഒഴുക്കുന്നത്.
ഇന്നത്തെ ഇതുവരെയുള്ള ലേലത്തിൽ ഇഷാൻ കിഷൻ ഏറ്റവും ചെലവേറിയ താരമായി മാറി.15.25 കോടി രൂപയ്ക്കാണ് ഇഷാനെ മുംബൈ ഇന്ത്യൻസ് നിലനിർത്തിയത്.ഐപിഎൽ താര ലേലത്തിൽ ഏറ്റവും ഉയർന്ന് തുക സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് കിഷൻ. യുവരാജിന്റെ 16 കോടിയാണ് റെക്കോഡ് തുക.
ഇഷാന് തൊട്ടു പിന്നാലെ ദീപക് ചഹാർ ചെലവേറിയ താരമായി.14 കോടി രൂപയ്ക്കാണ് ദീപക്കിനെ ചെന്നെെ സൂപ്പർ കിംഗ്സ് തിരിച്ചെത്തിയത്.കൊൽക്കത്ത നെറ്റ് റൈഡേഴ്സ് 12.25 കോടി രൂപയ്ക്കാണ് ശ്രേയസ് അയ്യരെ സ്വന്തമാക്കിയത്.
ഇന്ത്യയുടെ സീനിയർ ഓപ്പണർ ശിഖർ ധവാനാണ് ആദ്യം ലേലത്തിൽ പോയ താരം. ധവാനെ 8.25 കോടിക്ക് പഞ്ചാബ് കിങ്സ് ടീമിലെത്തിച്ചു. 12.25 കോടിക്ക് ശ്രേയസ് അയ്യർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലെത്തി. കാഗിസോ റബാഡയെ 9.25 കോടിക്ക് പഞ്ചാബ് കിങ്സും പാറ്റ് കമ്മിൻസിനെ 7.25 കോടിക്ക് കൊൽക്കത്തയും സ്വന്തമാക്കി. മുഹമ്മദ് ഷമിയെ 6.225 കോടിക്ക് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 10.75 കോടിക്ക് ഹർഷാൽ പട്ടേലിനേയും കർണാടകയുടെ മലയാളി താരം ദേവദത്ത് പടിക്കല്ലിനെ രാജസ്ഥാൻ റോയൽസ് 7.75 കോടിക്കും ടീമിലെത്തിച്ചു.6.25 കോടിക്ക് ഡേവിഡ് വാർണറെ ഡൽഹി ക്യാപ്പിറ്റൽസിലെത്തിച്ചു. ക്വിന്റൺ ഡിക്കോക്കിനെ 6.75 കോടിക്ക് ലഖ്നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കി. ഫാഫ് ഡുപ്ലെസിയെ 7 കോടിക്ക് ആർസിബി സ്വന്തമാക്കി.
ആകെ 161 കളിക്കാരാണ് ആദ്യ ദിനം ഫ്രാഞ്ചൈസികൾക്ക് മുന്നിലെത്തുക. 1.5 കോടി രൂപ അടിസ്ഥാന വിലയുള്ള 20 താരങ്ങളും ഒരു കോടി രൂപ വിലയുള്ള 34 പേരുമാണ് ലേലത്തിനുള്ളത്.
Comments