കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ കൊലപാതകം നടക്കാൻ കാരണം സർക്കാരിന്റെ അനാസ്ഥമൂലമാണെന്ന് കൗൺസിലർ ടി. രനീഷ്. 469 അന്തേവാസികളാണ് നിലവിൽ കുതിരവട്ടത്തുള്ളത്. ഈ സാഹചര്യത്തിൽ ഇവരെ നിയന്ത്രിക്കാനായി 16 സെക്യൂരിറ്റി ജീവനക്കാരാണ് വേണ്ടത്. എന്നാൽ നാല് സെക്യൂരിറ്റി ജീവനക്കാർ മാത്രമാണ് ഇവിടെയുള്ളതെന്നും എല്ലാവരും താത്കാലിക ജീവനക്കാരാണെന്നും രനീഷ് പറയുന്നു.
മാനസികാരോഗ്യ കേന്ദ്രത്തിന്റെ മുൻ ഗെയിറ്റിലും പിന്നിലുമായി കാവൽ നിൽക്കാനുള്ള ജീവനക്കാർ പോലും നിലവിൽ ഇവിടെയില്ല. മാനസിക പ്രശ്‌നമുള്ള രോഗികളിൽ പലരും അക്രമാസക്തി കാണിക്കുമ്പോൾ വിരലിലെണ്ണാവുന്ന ജീവനക്കാർക്ക് അവരുടെ മുന്നിൽ പിടിച്ച് നിൽക്കാനാകുന്നില്ല. രോഗികൾ പുറത്തേക്ക് ഇറങ്ങി ഓടുമ്പോൾ നിസ്സഹായരായി പിറകെ ഓടാനെ അവർക്ക് കഴിയാറുള്ളൂ.
രോഗികളുടെ ആക്രമണത്തിൽ ജീവനക്കാർക്ക് പരിക്കേറ്റാൽ യാതൊരു വിധ ആനുകൂല്യവും അവർക്ക് ലഭിക്കുന്നില്ല. സുരക്ഷാ ജീവനക്കാരുടെ ഒഴിവുകൾ റിപ്പോർട്ട് ചെയ്തതാണെങ്കിലും സർക്കാർ അതിന് പരിഹാരം കാണാത്തത് അനാസ്ഥയാണെന്ന് രനീഷ് പറയുന്നു. അപകടങ്ങളും കൊലപാതകങ്ങളും തുടർക്കഥയാകുന്ന സാഹചര്യത്തിൽ സർക്കാർ ഇനിയെങ്കിലും നടപടി എടുക്കണമെന്നും ടി രനീഷ് ആവശ്യപ്പെട്ടു.
ഇന്നലെ കുതിരവട്ടത്തെ അന്തേവാസിയായ മഹാരാഷ്‌ട്ര സ്വദേശി ജിയറാം ജിലോട്ടി കൊലചെയ്യപ്പെട്ടതിന് പിന്നാലെയാണ് ജീവനക്കാരുടെ കുറവ് വെളിപ്പെടുത്തി രനീഷ് എത്തിയത്. സെല്ലിലെ അന്തേവാസികൾ തമ്മിലുണ്ടായ കയ്യേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. യുവതിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളും ഉണ്ടായിരുന്നു.
















Comments