ലക്‌നൗ : ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണിമുതൽ ആളുകൾ പോളിംഗ് സ്‌റ്റേഷനുകളിൽ എത്തി വോട്ട് രേഖപ്പെടുത്തി തുടങ്ങി. ഒൻപത് ജില്ലകളിലെ 55 മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ്.
ബിൻജോർ, മൊറാദാബാദ്, സാംപാൽ, രാംപൂർ, അമ്‌റോഹ,ബുധൗൻ, ബറേലി, ഷഹജഹൻപൂർ എന്നീ ജില്ലകളിലാണ് രണ്ടാം ഘട്ടവോട്ടെടുപ്പ്. 586 സ്ഥാനാർത്ഥികൾ ഇന്ന് ജനവിധി തേടും. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വോട്ടെടുപ്പ് സുഗമമാക്കാൻ 12,538 പോളിംഗ് സ്‌റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറ് മണിയ്‌ക്ക് അവസാനിക്കും.
അതീവ സുരക്ഷയിലാണ് രണ്ടാംവട്ട വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ 60,000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പോളിംഗ് സ്‌റ്റേഷനുകളിൽ 4,917 എണ്ണം സംഘർഷസാദ്ധ്യതാ മേഖലകളിലാണ്. ഇവിടെ കൂടുതൽ പോലീസിനെ വിന്യസിച്ചാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.
യുപിയിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് ഫെബ്രുവരി പത്തിനാണ് നടന്നത്. 59.87 ശതമാനം പോളിംഗാണ് സംസ്ഥാനത്തൊട്ടാകെ രേഖപ്പെടുത്തിയത്. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ പതിനൊന്ന് ജില്ലകളിലെ 58 മണ്ഡലങ്ങളാണ് ആദ്യ ഘട്ടത്തിൽ വിധിയെഴുതിയത്. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ 9 മന്ത്രിമാരുൾപ്പടെ 623 സ്ഥാനാർത്ഥികളും ജനവിധി തേടിയിരുന്നു.
Comments