തിരുവനന്തപുരം: കണ്ണൂരിൽ വിവാഹത്തിനിടെ ബോംബ് സ്‌ഫോടനത്തിൽ യുവാവ് മരിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ബോംബേറിൽ ഡിവൈഎഫ്‌ഐ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം കണ്ണൂരിൽ ബോംബു നിർമ്മാണം കുടിൽ വ്യവസായം പോലെ സിപിഎം കൊണ്ടു നടക്കുന്നതിന്റെ തെളിവാണെന്ന് അദ്ദേഹം ആരോപിച്ചു. ദൈവത്തിന്റെ സ്വന്തം നാടിനെ പിണറായി വിജയൻ എന്ന കഴിവുകെട്ട ഭരണാധികാരി ‘ക്രിമിനലുകളുടെ സ്വന്തം നാട് ‘ ആക്കി മാറ്റിയിരിക്കുന്നുവെന്ന് അദ്ദേഹം വിമർശിച്ചു.
കണ്ണൂരിൽ വിവാഹത്തിനിടയിൽ നടന്ന ബോംബേറ് കേരള സംസ്ഥാനത്തിന്റെ ചരിത്രത്തിൽ കേട്ടു കേൾവി ഇല്ലാത്തതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.സി പി എമ്മിന്റെ പാർട്ടി ഗ്രാമത്തിൽ നിന്നും വന്ന കൊടും ക്രിമിനലുകളാണ് വിവാഹ സംഘത്തിന് നേരേ ബോംബെറിഞ്ഞതെന്നാണ് ലഭ്യമാകുന്ന പ്രാഥമിക വിവരങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
ലക്ഷ്യം വെച്ചത് മറ്റാരെയോ ആണെങ്കിലും ബോംബെറിയാൻ വന്ന സഖാവ് തന്നെ ദാരുണമായി കൊല്ലപ്പെട്ടു. ദൃശ്യങ്ങൾ പുറത്തു വന്നില്ലായിരുന്നെങ്കിൽ ‘എന്തിന് കൊന്നു കോൺഗ്രസേ?’ എന്ന നുണപ്രചാരണവുമായി നാണവും മാനവുമില്ലാതെ സഖാക്കൾ രംഗത്ത് വന്നേനേയെന്ന് അദ്ദേഹം ആരോപിച്ചു.
രാജ്യസുരക്ഷയെ പോലും ബാധിക്കുന്ന അതീവ ഗുരുതരമായ സ്ഥിതി വിശേഷമാണ് സംസ്ഥാനത്തുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ജയിലിൽ കിടന്ന് മരിച്ച കൊലയാളിയ്‌ക്ക് വരെ സ്മാരകം പണിയുന്ന, കൊലപാതകികളെ ജയിലിൽ നിന്നിറക്കി കല്യാണം നടത്തിക്കൊടുക്കുന്ന , ക്വട്ടേഷൻ ഗുണ്ടകൾക്ക് വീട് വെച്ചു കൊടുക്കുന്ന സിപിഎമ്മിനെ പോലുള്ള ക്രിമിനൽ പാർട്ടികൾ ബോംബ് നിർമിക്കുന്നതിലും കൂട്ടത്തിലൊരുത്തനെ ബോംബെറിഞ്ഞ് കൊല്ലുന്നതിലും അത്ഭുതമൊന്നുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സാധാരണക്കാരന്റെ ജീവൻ തുലാസ്സിലാക്കുന്ന തീവ്രവാദ പ്രവർത്തങ്ങളെ ഉന്മൂലനം ചെയ്യേണ്ട ബാദ്ധ്യത ഭരണകൂടങ്ങൾക്കുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
Comments