കൊറോണ പ്രതിരോധ വാക്‌സിൻ സ്വീകരിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിന്ന് ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവ്ക് ജോക്കോവിച്ച്. വാക്‌സിനെടുക്കാൻ അനും തന്നെ ആരെങ്കിലും നിർബന്ധിച്ചാൽ ടൂർണമെന്റുകൾ തന്നെ വേണ്ടെന്ന് വെയ്‌ക്കാൻ മടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് ഓപ്പണും വിംബിൾഡണുമടക്കമുള്ള ടൂർണമെന്റുകൾ ഉപേക്ഷിക്കാനും ഒരുക്കമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.വാക്‌സിൻ എടുക്കുന്നതിലും ഭേദം തന്റെ ഭാവി കിരീടങ്ങൾ ത്യജിക്കുന്നതാണെന്ന് സെർബിയൻ താരം പറഞ്ഞു.
വാക്‌സിൻ വിരുദ്ധ ചേരിയുടെ ഭാഗമല്ല ഞാൻ. എന്നാൽ കൊറോണ വാക്‌സിൻ സ്വീകരിക്കാത്തതിന്റെ പേരിൽ ടൂർണമെന്റുകൾ നഷ്ടമായാൽ അതിനെ അംഗീകരിക്കും. സ്വന്തം ഇഷ്ടം തെരഞ്ഞെടുക്കുവാനുള്ള വ്യക്തികളുടെ അവകാശത്തിനൊപ്പമാണ് താൻ നിൽക്കുന്നതെന്ന് ജോക്കോവിച്ച് പറഞ്ഞു.കുട്ടിയായിരിക്കുമ്പോൾ വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ഒരാളുടെ ശരീരത്തിൽ എന്ത് സ്വീകരിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം ആ വ്യക്തിക്കാണെന്ന് അദ്ദേഹം പറഞ്ഞു.
ജോക്കോവിച്ചിന്റെ നിലപാടിനെതിരെ വ്യാപക വിമർശനമാണ് ഉയർന്ന് വരുന്നത്. ലോകം മുഴുവൻ കൊറോണ മഹാമാരിയ്‌ക്കെതിരെ പൊരുതുമ്പോൾ ലോകത്തിന് മാതൃക കാണിക്കേണ്ട വ്യക്തിത്വങ്ങൾ ഇങ്ങനെ മാറി നിൽക്കുന്നത് തെറ്റായ പ്രവണതയാണെന്നാണ് പലരും വിമർശിക്കുന്നത്. വാക്‌സിൻ സ്വീകരിക്കുന്നില്ല എന്ന നിലപാടിൽ പുനർചിന്തനം നടത്തൂ എന്നാണ് ജോക്കോവിച്ചിന്റെ കടുത്ത ആരാധകരടക്കം പറയുന്നത്.
കൊറോണ വാക്‌സിൻ സ്വീകരിക്കാത്തതിനെ തുടർന്ന് ഓസ്‌ട്രേലിയൻ ഓപ്പൺ ജോക്കോവിച്ചിന് നഷ്ടമായിരുന്നു. നിലവിൽ ഫ്രഞ്ച് ഓപ്പണും താരത്തിന് നഷ്ടമാകുമെന്നാണ് വിവരം.
Comments