പനാജി: ഗോവയിൽ സർക്കാരുണ്ടാക്കാമെന്ന കോൺഗ്രസിന്റെ മോഹം വെറും പകൽകിനാവ് മാത്രമാണെന്ന് ബിജെപി. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും അധികാരത്തിലേറുമെന്നും കോൺഗ്രസ് ആത്മവിശ്വാസം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ബിജെപിയുടെ പ്രതികരണം. തീരദേശ സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുന്നതിനെക്കുറിച്ച് കോൺഗ്രസ് പകൽസ്വപ്‌നം കാണുന്നത് നിർത്തിക്കോളൂവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സദാനന്ദ് ഷേത് തനാവ്ദെ വ്യക്തമാക്കി.
കോൺഗ്രസ് ദിവാസ്വപ്‌നം കാണുന്നത് നിർത്തണം. അധികാരത്തോടുള്ള അത്യാർത്തി അവരുടെ പ്രസ്താവനകളിൽ നിന്നും വ്യക്തമാണ്. ജനങ്ങൾ ബിജെപിക്ക് വോട്ടുചെയ്തുവെന്ന കാര്യം, അവർ നൽകുന്ന ജനപങ്കാളിത്തം സൂചിപ്പിക്കുന്നു. മാർച്ച് പത്തിന് ബിജെപിയുടെ വിജയവും കോൺഗ്രസിന്റെ പതനവും സുനിശ്ചിതമാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
വിജയം സ്വപ്നം കാണാൻ കോൺഗ്രസിന് ഉറപ്പായും അവകാശമുണ്ട്. എന്നാൽ ബിജെപി നേടാൻ പോകുന്ന സീറ്റുകളുടെ എണ്ണം ഒറ്റ അക്കത്തിൽ ഒതുങ്ങുമെന്ന അസംബന്ധം കോൺഗ്രസ് പറയേണ്ടതില്ല. തുടർച്ചയായി മൂന്നാം തവണയും ബിജെപി വിജയം കൈവരിക്കുമെന്നത് സുനിശ്ചിതമാണ്. ജനങ്ങളിൽ പാർട്ടിക്ക് പൂർണ വിശ്വാസമുണ്ട്. ബിജെപിക്ക് മാത്രം നടപ്പിലാക്കാൻ കഴിയുമെന്ന് കരുതുന്ന വികസനത്തിന് വേണ്ടിയാണ് ജനങ്ങൾ വോട്ട് ചെയ്തിരിക്കുന്നത്. വോട്ടർമാരുടെ വികസന സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കിയാണ് കഴിഞ്ഞ പത്ത് വർഷമായി ബിജെപി ഗോവയിൽ ഭരിച്ചതെന്നും സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് വോട്ടെടുപ്പ് നടന്നതിന് പിന്നാലെ ഗോവയിൽ വൻ ഭൂരിപക്ഷത്തോടെ കോൺഗ്രസ് അധികാരം പിടിച്ചെടുക്കുമെന്ന് എഐസിസിയുടെ സംസ്ഥാന ചുമതലയുള്ള ദിനേഷ് ഗുണ്ടു റാവു പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ പ്രതികരണം. 40 നിയമസഭ മണ്ഡലങ്ങളുള്ള ഗോവയിൽ 78.94 ശതമാനം പോളിംഗാണ് വോട്ടെടുപ്പിൽ രേഖപ്പെടുത്തിയത്.
Comments