ന്യൂഡൽഹി : ഉത്തർപ്രദേശിലെയും പഞ്ചാബിലെയും ബിജെപി സ്ഥാനാർത്ഥികളുടെ സുരക്ഷ വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ. സ്ഥാനാർത്ഥികളെ പാക് ചാര സംഘടനയായ ഐഎസ്‌ഐ ലക്ഷ്യമിടുന്നുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇനി മുതൽ സ്ഥാനാർത്ഥികൾ കേന്ദ്രസേനകളുടെ സംരക്ഷണയിലായിരിക്കും.
ഇരു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തുന്നതിനായി ഐഎസ്‌ഐ ശ്രമിക്കുന്നുണ്ടെന്നും, ഇതിനായി സിഖ് സംഘടനകളെ കൂട്ടുപിടിച്ച് സ്ഥാനാർത്ഥികളെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തുന്നുണ്ടെന്നുമാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശിലെ 23 ബിജെപി സ്ഥാനാർത്ഥികളുടെയും, പഞ്ചാബിലെ 21 സ്ഥാനാർത്ഥികളുടെയും സുരക്ഷയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഈ സുരക്ഷ തുടരും. നിലവിലെ എംഎൽഎമാരായ സ്ഥാനാർത്ഥികളാണ് അധിക സുരക്ഷ ലഭിക്കുന്നവരിൽ ഭൂരിഭാഗവും.
കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാർത്ഥിയുമായ എസ്ബിഎസ് ബാഗലിന് ഇസെഡ് കാറ്റഗറി സുരക്ഷയാണ് നൽകിയിരിക്കുന്നത്. ബിജെപി എംപി ഡോ. രമേഷ് ചന്ദിന് എക്‌സ് കാറ്റഗറി സുരക്ഷയും നൽകിയിട്ടുണ്ട്. പഞ്ചാബിൽ സുരക്ഷ ഏർപ്പെടുത്തിയ 21 സ്ഥാനാർത്ഥികളും നിലവിലെ എംഎൽഎമാരാണ്. ഇവർക്ക് വൈ കാറ്റഗറി സുരക്ഷയാണ് നൽകിയിരിക്കുന്നത്.
അടുത്തിടെ പ്രചാരണവേളയിൽ പഞ്ചാബിലെയും, ഉത്തർപ്രദേശിലെയും ബിജെപി സ്ഥാനാർത്ഥികൾ ആക്രമിക്കപ്പെട്ടിരുന്നു. ഇതിന് പിന്നിൽ ഐഎസ്‌ഐയുമായി ബന്ധമുള്ളവരാണെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് സുരക്ഷ വർദ്ധിപ്പിച്ചിരിക്കുന്നത്. നേരത്തെ ബംഗാൾ തിരഞ്ഞെടുപ്പ് വേളയിലും സമാനമായ രീതിയിൽ ബിജെപി സ്ഥാനാർത്ഥികളുടെ സുരക്ഷ കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചിരുന്നു.
Comments