തിരുവനന്തപുരം : കേരള നിയമസഭാ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാവിലെ ഒൻപത് മണിക്ക് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനത്തിന് തുടക്കമാകുക. 15ാം നിയമസഭയുടെ നാലാമത് സമ്മേളനമാണ് ഇന്ന് ആരംഭിക്കുന്നത്.
നിലവിൽ പല വിഷയങ്ങളിലും സർക്കാരും ഗവർണറും തമ്മിൽ അഭിപ്രായവ്യത്യാസം തുടരുകയാണ്. ഈ സാഹചര്യത്തിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ ഇതിന്റെ പ്രതിഫലനം ഉണ്ടാകുമോയെന്നാണ് പ്രധാനമായും ഉറ്റുനോക്കുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ നയങ്ങൾ എന്തെല്ലാമെന്ന് ഗവർണർ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കും. സംസ്ഥാന സർക്കാരിന്റെ സ്വപ്‌ന പദ്ധതിയെന്ന് വിശേഷിപ്പിക്കുന്ന സിൽവർലൈനിനെതിരെ നടക്കുന്ന പ്രതിപക്ഷ പ്രതിഷേധങ്ങളെ തള്ളുന്ന നയപ്രഖ്യാപനം ആയിരിക്കും ഇന്നുണ്ടാകുക എന്നാണ് വിലയിരുത്തൽ.
സർക്കാർ എഴുതി നൽകിയ നയപ്രഖ്യാപന പ്രസംഗത്തിന് പുറമേ മറ്റ് ചില കാര്യങ്ങൾ കൂടി അദ്ദേഹം പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഡീഷണൽ പി.എ ആയി ഹരി എസ് കർത്തയുടെ നിയമനവുമായി ബന്ധപ്പെട്ട് ഇന്നലെ സർക്കാരും ഗവർണറും തമ്മിൽ വലിയ പോര് നടന്നിരുന്നു. മുഖ്യമന്ത്രിയെ ഉൾപ്പെടെ ശക്തമായി വിമർശിച്ച ശേഷം പിന്നീട് സർക്കാരും ഗവർണറും ഒത്തുതീർപ്പിൽ എത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ നയപ്രഖ്യാപനത്തിനിടെ ഗവർണർ പരാമർശിക്കുമെന്നാണ് പ്രതീക്ഷ.
സർക്കാരുമായി ഗവർണർ സമരസപ്പെട്ടതിന് പിന്നാലെ സർക്കാരും, ഗവർണറും ഒത്തുകളിക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ നയപ്രഖ്യാപനത്തിനിടെ പ്രതിപക്ഷം ശക്തമായി പ്രതിഷേധിക്കാനും, സഭ ബഹിഷ്‌കരിക്കാനും സാദ്ധ്യതയുണ്ട്.
















Comments