തൃശൂർ ; മോഹൻലാലിന്റെ ഓരോ സിനിമകളും തൃശൂർ പൂരത്തിന്റെ ഓളമാണ് ശ്രീദേവി അന്തർജ്ജനത്തിന്റെ മനസിൽ തീർക്കുന്നത് . 68-)0 വയസ്സിലും ആ ആരാധനയ്‌ക്ക് യാതൊരു കുറവുമില്ല . മോഹൻലാൽ സിനിമകൾ പുറത്തിറങ്ങുന്ന ദിവസം തന്നെ ആദ്യ പ്രദർശനം കാണണമെന്ന നിർബന്ധം ശ്രീദേവി അന്തർജ്ജനം ഇത്തവണയും തെറ്റിച്ചില്ല.
‘ആറാട്ട്’ കോട്ടയ്‌ക്കലിലെ തിയേറ്ററിലാണ് കണ്ടത്. കൊടുങ്ങല്ലൂർ സ്വദേശിനിയായ ശ്രീദേവി അന്തർജ്ജനം കോട്ടയ്‌ക്കൽ ആര്യവൈദ്യശാല കൈലാസമന്ദിരത്തിലെ ജോലിക്കാരിയാണ്. 9 വർഷം മുൻപ് മോഹൻലാൽ ആര്യവൈദ്യശാല മാനേജിങ്ങ് ട്രസ്റ്റിയായിരുന്ന ഡോ.പി.കെ.വാരിയരെ സന്ദർശിച്ചപ്പോഴാണ് അദ്ദേഹത്തെ അടുത്ത് കണ്ടത് . അതിന്റെ ആവേശം ഒട്ടും കുറയാതെ ഒപ്പമുണ്ട്.
28 വർഷമായി കോട്ടയ്‌ക്കലെത്തിയിട്ട്. അന്നുമുതൽ മോഹൻലാൽ സിനിമ പുറത്തിറങ്ങുന്ന ദിവസം കാണാനായി ഒരു ടിക്കറ്റ് കോട്ടയ്‌ക്കലിലെ തിയേറ്റർ ഉടമകൾ ഇവർക്കായി മാറ്റിവച്ചിരിക്കും. മറ്റുള്ളവർ പറയുന്ന അഭിപ്രായം കേട്ട ശേഷം തിയേറ്ററിൽ പോകുന്നതിനോടും ശ്രീദേവി അന്തർജ്ജനത്തിന് താല്പര്യമില്ല .
കുട്ടിക്കാലം മുതലേ സിനിമകളോട് വലിയ താൽപര്യമാണ്. എന്നാൽ, മോഹൻലാലിന്റെ സിനിമകളോടാണ് പ്രത്യേക ഇഷ്ടം . ആദ്യ സിനിമയായ “മഞ്ഞിൽ വിരിഞ്ഞ പൂക്കൾ” മുതലുള്ളവയെല്ലാം ആദ്യഷോ തന്നെ കണ്ടിട്ടുണ്ട്. കൊടുങ്ങല്ലൂരിലെയും തൃശൂരിലെയും തിയേറ്ററുകളിൽ നിന്നാണ് അദ്ദേഹത്തിന്റെ ആദ്യകാല സിനിമകൾ കണ്ടത്.
Comments