പാലക്കാട്: ബാബു എന്ന യുവാവ് കയറികുടുങ്ങിയതിനെ തുടർന്ന് വാർത്തകളിൽ ഇടം പിടിച്ചതാണ് പാലക്കാട് മലമ്പുഴ ചെറാടിലെ കൂമ്പാച്ചി മല. യുവാവിനെ രക്ഷപ്പെടുത്താൻ സൈന്യ നടത്തിയ രക്ഷാപ്രവർത്തനം അടക്കം ദേശീയ മാദ്ധ്യമങ്ങളിൽ വരെ വാർത്തയായിരുന്നു. സംഭവത്തിനുശേഷം കൂമ്പാച്ചി മലകാണാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധിപേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. വനംവകുപ്പിന്റെ അധീനതയിലുള്ള പ്രദേശത്തേയ്‌ക്ക് അനുമതിയില്ലാതെ പലരും കടക്കുകയും ചെയ്യുന്നത് തലവേദന സൃഷ്ടിച്ചു. ധാരാളം ആളുകൾ എത്തിയതോടെ നാട്ടുകാർക്കും ശല്യമാകുന്നതായി വ്യാപക പരാതി ഉയർന്നു. ഇതിനെ തുടർന്നാണ് പാലക്കാട് ജില്ലാ കളക്ടർ ഇന്ന് യോഗം വിളിച്ചുചേർത്തത്.
ഇനി മുതൽ കൂമ്പാച്ചി മലകയറിയാൻ കേസെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കളക്ടർ കർശന നിർദ്ദേശം നൽകി. കളക്ടറുടെ നിർദ്ദേശം ഉത്തരവായി ഉടൻ പുറത്തിറങ്ങും. നിയമം ലംഘിക്കുന്നവർക്ക് പിഴചുമത്താനും അപകടമേഖലയിലേക്ക് ആളുകൾ കയറുന്നത് നിയന്ത്രിക്കാൻ സുരക്ഷാ സംവിധാനങ്ങളൊരുക്കാനും യോഗത്തിൽ തീരുമാനമായി. മേഖലയിൽ പൊലീസ്, വനംവകുപ്പ് പട്രോളിംഗിന് സഹായം നൽകാൻ സിവിൽ ഡിഫൻസ് വളൻറിയർമാരെ നിയോഗിക്കും സ്ഥലത്തെ അപകട സാധ്യത ചൂണ്ടിക്കാട്ടുന്ന മുന്നറിയിപ്പ് ബോർഡുകൾ ഉടൻ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
മലയിൽ കുടുങ്ങിയ ബാബുവിനെതിരെ വനംവകുപ്പ് കേസ് എടുത്തിട്ടുണ്ട്. വനത്തിൽ അതിക്രമിച്ച് കടന്നതിനാണ് കേസ്. കേരള ഫോറസ്റ്റ് ആക്റ്റ് (27) പ്രകാരം വാളയാർ റെയ്ഞ്ച് ഓഫീസറാണ് കേസ് എടുത്തത്. ബാബുവിനൊപ്പം മലകയറിയ വിദ്യാത്ഥികൾക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്. ബാബുവിനെ രക്ഷപ്പെടുത്തിയതിനു പിന്നാലെ വീണ്ടും ഒരാൾ മല കയറിയിരുന്നു.
മലയുടെ മുകൾ ഭാഗത്ത് നിന്ന് ഫ്‌ലാഷ് ലൈറ്റുകൾ തെളിഞ്ഞത് ആദ്യം നാട്ടുകാരാണ് കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ തെരച്ചിൽ ആരംഭിക്കുകയായിരുന്നു. ആനക്കല്ല് സ്വദേശിയായ ആദിവാസി വിഭാഗത്തിൽപ്പെട്ട രാധാകൃഷ്ണൻ (45) എന്നയാളെയാണ് വന മേഖലയിൽ കണ്ടെത്തിയത്. വലിയ പരിഭ്രാന്തി സൃഷ്ടിച്ച സംഭവത്തിന് ശേഷം വളരെ രൂക്ഷമായ പ്രതികരണങ്ങളാണ് നാട്ടുകാർ നടത്തിയത്.
പാലക്കാട് ചെറാട് കുമ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ 45 മണിക്കൂറുകൾക്ക് ശേഷമാണ് സൈന്യം രക്ഷിച്ച് കൊണ്ട് വന്നത്. ബാബുവിനെ രക്ഷിക്കാൻ മുക്കാൽ കോടിയോളം ചെലവ് വന്നുവെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രാഥമിക കണക്ക്. ബാബു കുടുങ്ങിയത് മുതൽ രക്ഷാ പ്രവർത്തനത്തിനായി പ്രാദേശിക സംവിധാനങ്ങൾ മുതൽ ഏറ്റവും ഒടുവിൽ കരസേനയുടെ രക്ഷാ ദൗത്യ സംഘത്തെ വരെ എത്തിച്ചു. ദുരന്ത നിവാരണ അതോറിറ്റി, കോസ്റ്റ് ഗാർഡ്, കരസേന എന്നിവരുടെ സേവനവും തേടിയിരുന്നു.
Comments