കോഴിക്കോട് :കുതിരവട്ടം മാനസിക ആരോഗ്യകേന്ദ്രത്തിൽ സുരക്ഷാ വീഴ്ച തുടർക്കഥയാകുന്നു. കേന്ദ്രത്തിൽ നിന്നും ഒരു അന്തേവാസി കൂടി രക്ഷപ്പെട്ടു. 17 കാരിയായ പെൺകുട്ടിയാണ് ഓട് പൊളിച്ച് കടന്നു കളഞ്ഞത്. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം ആരംഭിച്ചു.
രാവിലെയാണ് അധികൃതർ സംഭവം അറിഞ്ഞത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. അഞ്ചാംവാർഡിലെ അന്തേവാസിയായ പെൺകുട്ടിയാണ് ഓട് പൊളിച്ച് ചാടിപ്പോയത്.
ഇന്നലെ രാത്രി മലപ്പുറം വണ്ടൂർ സ്വദേശി മാനസിക ആരോഗ്യകേന്ദ്രത്തിൽ നിന്നും ചാടിപ്പോയിരുന്നു. മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ യുവാവിനെ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പോലീസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടി ചാടിപ്പോയത്.
ഈ മാസം 14 നും സമാനമായ രീതിയിൽ അന്തേവാസികളെ കാണാതായിരുന്നു. രണ്ട് പേരെയാണ് കാണാതായത്. ഫെബ്രുവരി 9 ന് അന്തേവാസികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.. സുരക്ഷാ വീഴ്ചകൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടറെ ആരോഗ്യമന്ത്രി ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി മന്ത്രിയ്‌ക്ക് റിപ്പോർട്ട് സമർപ്പിക്കാൻ ഇരിക്കെയാണ് ഒരു അന്തേവാസികൂടി രക്ഷപ്പെട്ടത്.
അന്തേവാസികൾ തുടർച്ചയായി ചാടിപോകുന്നതിൽ പോലീസ് ഉൾപ്പെടെ വലിയ അമർഷമാണ് അറിയിക്കുന്നത്. സുരക്ഷാ ജീവനക്കാരുടെ അഭാവമാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിന് കാരണം.
















Comments