തിരുവനന്തപുരം: ട്വന്റി-ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ. മുരളീധരൻ എംപി. കിഴക്കമ്പലം കൊലപാതകം വളരെ മൃഗീയമായിരുന്നു. സാധാരണ ഗതിയിൽ രാഷ്‌ട്രീയ കൊലപാതകങ്ങൾ ഉണ്ടാകുമ്പോൾ സെന്റിമെൻസുമായി രംഗത്തെത്തുന്ന പലരെയും ഈ അവസരത്തിൽ കണ്ടില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
‘തിരഞ്ഞെടുപ്പ് സമയങ്ങളിൽ ട്വന്റി-ട്വന്റി സിപിഎമ്മിന് വേണ്ടി പ്രവർത്തിച്ചിരുന്നു. എൽഡിഎഫിന് വേണ്ടി പ്രവർത്തിച്ചതിന് അവർ ദീപുവിന് പലിശയടക്കം തിരിച്ചു നൽകി. ദീപു എംഎൽഎയ്‌ക്ക് എതിരെ സമരം ചെയ്തിരുന്നു. അതിനാലാണ് സിപിഎമ്മുകാർ ദീപുവിനെ തല്ലിക്കൊന്നത്. ഇതൊരു ചെറിയ പാർട്ടിയായതിനാലാണ് ആരും വലിയ പ്രാധാന്യം ഈ വിഷയത്തിൽ നൽകാത്തത്. ദീപുവിന്റെ കൊലപാതകത്തിൽ, മാർക്‌സിസ്റ്റ് പാർട്ടിയുടെ അഭിപ്രായം അറിയാൻ താൽപര്യമുണ്ട്’ എന്ന് കെ. മുരളീധരൻ പറഞ്ഞു.
കേരളത്തിൽ അക്രമങ്ങൾ വർദ്ധിച്ചു വരികയാണ്. അടിക്കടിയുണ്ടാകുന്ന രാഷ്‌ട്രീയ കൊലപാതകങ്ങളും, ഗുണ്ട ആക്രമണങ്ങളും തടയാൻ സർക്കാർ കർശന നടപടി സ്വീകരിക്കണം. രാഷ്‌ട്രീയ വിയോജിപ്പുകളുടെ പേരിൽ ആളുകൾ മരിച്ചുവീഴുയാണ്. ഇതിനിയും തുടരാൻ പാടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, വിവാദമായ ഗവർണർ-സർക്കാർ പോരിലും കെ മുരളീധരൻ പ്രതികരിച്ചു. ഗവർണർ ഇപ്രകാരം തരംതാഴരുതെന്നും അദ്ദേഹത്തെ ഇങ്ങനെ ആക്കിയതിൽ ഒരു പങ്ക് മുഖ്യമന്ത്രിയ്‌ക്കും സർക്കാരിനുമാണെന്നും കെ. മുരളീധരൻ പറഞ്ഞു. കോൺഗ്രസ് ഭരണകാലത്ത് ഒരു കോൺഗ്രസ്, കെപിസിസി പ്രവർത്തകനോ ഗവർണറുടെ സ്റ്റാഫിൽ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാർ ഗവർണർക്ക് വഴങ്ങിക്കൊടുക്കരുതെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു.
















Comments