ബിഷാന്‍: ഇതൊരു കഥയല്ല, കഥയെ വെല്ലുന്ന ജീവിതമാണ്. അംബരചുംബികളായ കെട്ടിടങ്ങളും ആഢംബര അപ്പാര്‍ട്ടുമെന്റുകളും തലയയുയര്‍ത്തി നില്‍ക്കുന്ന സിംഗപ്പൂരില്‍ എഴുപത്തിയൊന്‍പതുകാരന്‍ 30 വര്‍ഷം താമസിച്ചത് കാട്ടിലാണെന്ന കഥയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഓഗോസെംഗ് എന്ന എഴുപത്തിയൊന്‍പതുകാരനാണ് കഴിഞ്ഞ മുപ്പതു വര്‍ഷക്കാലം കാട്ടില്‍ താമസിച്ചത്.
വീടെന്ന് ഓഗോസെംഗ് വിളിക്കുന്ന കാട്ടിലെ കുടിലില്‍ ഊര്‍ജ്ജസ്വലനായാണ് അദ്ദേഹം കഴിയുന്നത്, അദ്ദേഹത്തിന്റെ പകുതി പ്രായമുള്ളവരേക്കാള്‍ മെച്ചപ്പെട്ട രൂപത്തോടെ. ഈ മാസാദ്യമാണ് കാട്ടില്‍ താമസിക്കുന്ന ഓഗോസെംഗിന്റെ കഥ വൈറലാകുന്നത്. അത് വലിയ ഞെട്ടലുളവാക്കി. ആരുമറിയാതെ 30 വര്‍ഷം എങ്ങനെ കഴിഞ്ഞുവെന്നാണ് എല്ലാവരും അത്ഭുതപ്പെടുന്നത്.
ലൈസന്‍സ് ഇല്ലാതെ നഗരത്തില്‍ കച്ചവടം നടത്തുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് ഒഓഗോസെംഗിന്റെ കഥ പുറംലോകമറിഞ്ഞത്. കൊറോണയില്‍ പൂക്കളുടെ വില്‍പന നഷ്ടപ്പെട്ടതോടെ കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഉല്‍പന്നങ്ങള്‍ കണ്ടുകെട്ടിയത്. ഈ സമയത്ത് അതുവഴി കടന്നുപോയ ഒരു ചാരിറ്റി പ്രവര്‍ത്തക ഈ രംഗം കണ്ടതോടെയാണ് ഓഗോസെംഗിന്റെ കഥ പുറംലോകമറിയുന്നത്. ഒന്നുംവില്‍ക്കാനാവാതെ വെറുംകൈയ്യോടെ വീടണയേണ്ടി വരുന്ന ഓഗോയെ ഓര്‍ത്ത് വിവിയന്‍ പാന്‍ വേദനിച്ചു. ഈ സംഭവം അവള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. സംഭവം വൈറലായി. ഇത് സ്ഥലം എംപിയുടെ ശ്രദ്ധയില്‍ പെട്ടു. എന്നാല്‍ ഓഗോയെ ചുറ്റിപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ഉണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി.
സന്‍ഗെയ് ടെന്‍ഗായിലായിരുന്നു അദ്ദേഹവും കുടുംബവും താമസിച്ചിരുന്നത്. എന്നാല്‍ 1980ല്‍ പുതിയ കെട്ടിടങ്ങള്‍ ഉയരുന്നതിന്റെ ഭാഗമായി ഓഗോസെംഗിന്റെ കുടുംബം ഉള്‍പ്പെടെ ഒട്ടേറെപേര്‍ ഭവനരഹിതരായി. എന്നാല്‍ പലര്‍ക്കും വീട് ലഭിച്ചെങ്കിലും ഇദ്ദേഹത്തിന് ലഭിച്ചില്ല. അഭിമാനിയായ ഓ മറ്റുള്ളവര്‍ക്ക് ഭാരമാവാനും താല്‍പര്യപ്പെട്ടില്ല.
അന്നു മുതല്‍ ഓ കാട്ടിലേക്ക് താമസം മാറ്റി. തടികളും മുളയും ടാര്‍പോളിനുമുപയോഗിച്ച് കാട്ടില്‍ കുടില്‍ കെട്ടി താമസമാരംഭിച്ചു.സ്വയംപാകം ചെയ്തു കഴിക്കുന്നതിനാല്‍ കുടിലില്‍ പ്രവേശിക്കുന്ന ഭാഗത്തു ചാരം കാണാം. ടെന്റിന്റെ പിന്‍ഭാഗത്താണ് അദ്ദേഹത്തിന്റെ കിടപ്പുമുറി. കുടിലിനടുത്ത് തോട്ടമൊരുക്കി പാചകാവശ്യത്തിനുള്ളതൊക്കെ അദ്ദേഹം വിളയിച്ചെടുത്തു. തുണിയും മറ്റും ഉപയോഗിച്ച് പച്ചക്കറി തോട്ടത്തിനു ചുറ്റും വേലികെട്ടി സംരക്ഷിച്ചു.
എലിശല്യമാണ് കാട്ടിലെ ജീവിതത്തെ അലോസരപ്പെടുത്തുന്നത്. തന്റെ തുണികളൊക്കെ അത് ഓട്ടയാക്കുന്നുവെന്നാണ് ഈ വയോധികന്റെ പരിഭവം. എങ്ങനെയാണ് ഓ ജീവിക്കുന്നത് എന്നകാര്യം തങ്ങള്‍ക്ക് അറിയില്ലെന്നാണ് ദൂരെ കഴിയുന്ന ഭാര്യയും മകളും പറയുന്നത്. കുടുംബത്തിന് നല്‍കാനുള്ള പണവുമായി വീട്ടിലെത്തുന്ന അച്ഛനോട് എങ്ങനെ കഴിയുന്നുവെന്ന് ചോദിക്കുമ്പോള്‍ ഞാന്‍ ഒരു പൂന്തോട്ടത്തില്‍ കഴിയുന്നുവെന്നാണ് അദ്ദേഹത്തിന്റെ മറുപടി.
സിംഗപ്പൂരില്‍ ഭവനരഹിതര്‍ കുറവാണ്. പൊതുതാമസസ്ഥലങ്ങള്‍ ധാരാളമുണ്ട്. വീടില്ലാത്ത ഓയുടെ പ്രശ്‌നപരിഹാരത്തിനായി എംപിയുടെ സഹായത്തോടെ ഇപ്പോള്‍ അയാള്‍ക്ക് ഒരു വീടുലഭിച്ചു. ആദ്യമായി ടെലിവിഷന്‍ കണ്ടു. സുമനസ്സുകള്‍ ഫ്രഡ്ജും മറ്റ് ഉപകരണങ്ങളും നല്‍കി. ഓഗോസെംഗിന്റെ നിറഞ്ഞ ചിരിയില്‍ തന്റെ പതുജീവിതം പ്രതിഫലക്കുന്നുണ്ട്. എങ്കിലും പഴയ ഓര്‍മകളെ താലോലിക്കാന്‍ എല്ലാദിവസവും കാട്ടിലെ കുടിലിലെത്തും. കാട്ടിലെ തന്റെ തോട്ടത്തെ പരിചരിച്ച് മണിക്കൂറുകള്‍ കഴിയും. മുപ്പതുവര്‍ഷം ജീവിതത്തില്‍ അത്ര ചെറിയകാലമല്ലല്ലോ…!
Comments