ബംഗളൂരു : ശിവമോഗയിലെ ഹിന്ദു നേതാവിനെ മതമൗലികവാദികൾ കൊലപ്പെടുത്തിയത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോം ഒഴിവാക്കി ഹിജാബ് ധരിക്കുന്നതിനെതിരെ സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ടതിന്റെ പേരിൽ. ഫേസ്ബുക്ക് കുറിപ്പിട്ടതിന് പിന്നാലെ കൊല്ലപ്പെട്ട നേതാവ് ഹർഷയ്‌ക്കെതിരെ മതമൗലികവാദികളുടെ വധഭീഷണിയുണ്ടായിരുന്നു. പ്രതിഷേധ പരിപാടികളിൽ ഹർഷ സജീവമായി പങ്കെടുത്തതും മതമൗലികവാദികളെ ചൊടിപ്പിച്ചിരുന്നുവെന്നാണ് വിവരം.
കർണാടകയിൽ ഹിജാബ് വിവാദം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിക്കുന്നതിനെ അനുകൂലിക്കാനാകില്ലെന്ന നിലപാട് സ്വീകരിച്ച് പരസ്യമായി ഹർഷ രംഗത്ത് വന്നിരുന്നു. സ്‌കൂളുകളിലും, കോളേജുകളിലും യൂണിഫോം ധരിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ക്യാമ്പെയ്‌നും സജീവമായിരുന്നു. ഇത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മതമൗലികവാദികൾ ഭീഷണിപ്പെടുത്തിയെങ്കിലും അദ്ദേഹം വകവയ്ച്ചില്ല. ഇതാണ് അക്രമികളെ കൊലയ്‌ക്ക് പ്രേരിപ്പിച്ചത്.
അടുത്തിടെ ഹിജാബിന്റെ പേരിൽ പ്രശ്‌നം ഉണ്ടായ ബംഗളൂരുവിലെ കോളേജിൽ നിന്നും കിലോമീറ്ററുകൾ മാത്രമാണ് ശിവമോഗയിലേക്കുള്ള ദൂരം. ഈ സാഹചര്യത്തിൽ ഇവിടെ നിന്നും എത്തിയ ആളുകളാണോ കൃത്യം നടത്തിയതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണമാണ് നടത്തുന്നതെങ്കിലും കൊലപാതകികളെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കൊലയ്‌ക്ക് പിന്നിൽ കൃത്യമായ ആസൂത്രണം ഉണ്ടെന്നാണ് പോലീസ് നിഗമനം. അക്രമികൾക്കായി പ്രദേശത്തെ സിസിടിവിക്യാമറ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്.
മേഖലയിലെ സജീവ ബജരംഗദൾ പ്രവർത്തകനാണ് ഹർഷ. തയ്യൽ കട നടത്തി ഉപജീവനം നടത്തുന്ന അദ്ദേഹം രാത്രി കട അടച്ച് വീട്ടിലേക്ക് വരുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. പ്രദേശത്തെ വാഹനങ്ങൾക്കും അക്രമികൾ തീയിട്ടിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ എന്നോണം പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
അതേസമയം ഹിന്ദു നേതാവിന്റെ കൊലപാതകത്തിൽ ഏറെ അസ്വസ്ഥനാണെന്ന് കർണാടക മന്ത്രി കെ.എസ് ഈശ്വരപ്പ പറഞ്ഞു. മുസ്ലീം ഗുണ്ടകളാണ് അദ്ദേഹത്തെ ആക്രമിച്ചത്. സ്ഥിതിഗതികൾ വിലയിരുത്താൽ ശിവമോഗയിലേക്ക് പോകും . ഗുണ്ടായിസം വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments