പാട്‌ന: വിവാഹത്തിനെത്തിയ കുടുംബാംഗങ്ങൾക്ക് ഭക്ഷണം നൽകാൻ താമസിച്ചുവെന്നാരോപിച്ച് വിവാഹത്തിൽ നിന്ന് പിന്മാറി വരൻ. തന്നോടൊപ്പം എത്തിയ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമെല്ലാം വധുവിന്റെ വീട്ടുകാർ ഭക്ഷണം നൽകാൻ താമസിച്ചു എന്നാരോപിച്ചാണ് വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയത്. വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് വരൻ പറഞ്ഞതോടെ ഇരുകൂട്ടരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. തുടർന്ന് വധുവിന്റെ വീട്ടിൽ നിന്ന് ലഭിച്ച ഉപഹാരങ്ങളും മറ്റ് തിരികെ ഏൽപ്പിച്ച ശേഷം ഇയാൾ പോവുകയായിരുന്നു.
പൂർണിയയിലെ മൊഹാനി പഞ്ചായത്തിൽ ബതൗന ഗ്രാമത്തിലാണ് സംഭവം. രാജ്കുമാർ ഒറാവോൺ എന്നയാളാണ് വിവാഹത്തിൽ നിന്ന് പിന്മാറിയത്. നിശ്ചയിച്ച സമയത്ത് തന്നെ ബാരത്ത് എത്തി. വിവാഹ ചടങ്ങുകൾ പുരോഗമിക്കുന്ന സമയത്ത് ഭക്ഷണം നൽകുന്നതിൽ അൽപ്പം കാലതാമസമുണ്ടായി. ഇതോടെയാണ് വരനും വരന്റെ പിതാവും പ്രശ്‌നമുണ്ടാക്കാൻ തുടങ്ങിയത്. വിവാഹചടങ്ങുകൾ മുന്നോട്ടു കൊണ്ടുപോകാൻ താത്പര്യമില്ലെന്നാണ് ഇവർ പറഞ്ഞത്.
പഞ്ചായത്തും നാട്ടുകാരും വിഷയത്തിൽ ഇടപെട്ട് പരിഹാരം ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വധുവിന്റെ കുടുംബത്തിന് ഭക്ഷണം പാകം ചെയ്യാൻ ചെലവായ തുകയും, വരന് പെൺകുട്ടിയുടെ കുടുംബം കൊടുത്ത ബൈക്കും മറ്റ് സമ്മാനങ്ങളും തിരികെ നൽകിയ ശേഷമാണ് വരന്റെ കുടുംബം സ്ഥലത്ത് നിന്ന് പോയത്. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മ മീന ദേവി വരനും കുടുംബത്തിനുമെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്
Comments