അങ്കമാലി: പുളിയനത്ത് കെ-റെയിൽ കല്ലിടലിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. അങ്കമാലിക്കടുത്ത് പാറക്കടവ് പഞ്ചായത്തിലെ 18-ാം വാർഡിലാണ് കെ-റെയിൽ സർവ്വെ നടപടികളുമായി ഉദ്യോഗസ്ഥർ എത്തിയത്. വിവരം ലഭിച്ചതോടെ നാട്ടുകാർ കൂട്ടമായി എത്തി പ്രതിഷേധിക്കുകയായിരുന്നു.
കനത്ത പോലീസ് സുരക്ഷയിലാണ് കെ-റെയിൽ സർവ്വെ നടപടികൾ പുരോഗമിക്കുന്നത്. പദ്ധതിയ്ക്കായി കല്ലിടുമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഉദ്യോഗസ്ഥരെന്ന് നാട്ടുകാർ പറയുന്നു. പ്രതിഷേധം ശക്തമായതോടെ പോലീസ് നാട്ടുകാരെ അറസ്റ്റ് ചെയ്ത് നീക്കി. അറസ്റ്റ് ചെയ്യുന്നത് തടയാൻ പോലീസ് പ്രതിഷേധക്കാരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
കെ-റെയിൽ കല്ലിടലുമായി ബന്ധപ്പെട്ട് ഇതിന് മുൻപും അങ്കമാലിയിൽ പ്രതിഷേധം നടന്നിട്ടുണ്ട്. അതിരടയാളക്കല്ലുകൾ പിഴുത് മാറ്റുന്ന തരത്തിൽ നാട്ടുകാർ പ്രതിഷേധം നടത്തിയിട്ടുണ്ട്.
അതേസമയം, കെ-റെയിൽ പദ്ധതിക്കെതിരായ പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ സർക്കാർ പോലീസ് സഹായം തേടിയിരുന്നു. കല്ലിടാനെത്തുന്ന ഉദ്യോഗസ്ഥർക്ക് പോലീസ് സംരക്ഷണം ഒരുക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. സുരക്ഷ ഒരുക്കാൻ ഡിജിപിക്ക് പ്രത്യേക നിർദ്ദേശവും നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അങ്കമാലിയിൽ കെ-റെയിൽ സർവെയ്യയ്ക്ക് ഉദ്യോഗസ്ഥരെത്തിയപ്പോൾ വൻ പോലീസ് സന്നാഹമുണ്ടായിരുന്നത്.
Comments