ആപ്പിള്‍ ആപ്പ് സ്റ്റോറിലൂടെ പുതിയ സോഷ്യല്‍ മീഡിയ ആപ്പ് പുറത്തിറക്കി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ‘ട്രൂത്ത് സോഷ്യല്‍’ എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിലെ നിരവധി പ്ലാറ്റ്‌ഫോമുകളില്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ നിരോധനം ലഭിച്ച ട്രംപിന്റെ തിരിച്ചുവരവ് ആയിരിക്കും ഇതെന്നാണ് വിലയിരുത്തല്‍. ഇന്ന് യൂറോപ്യന്‍ സമയം അര്‍ദ്ധരാത്രിയോടെയാണ് ആപ്പ് ലോഞ്ച് ചെയ്തത്. ആപ്പ് മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുള്ളവരുടെ ഫോണുകളിലേക്ക് ഇത് ഓട്ടോമാറ്റിക്കായി ഡൗണ്‍ലോഡ് ചെയ്യപ്പെട്ടു. ആപ്പ് ലഭ്യമാകുന്നതിന് വേണ്ടി വലിയ തിരക്കാണെന്നും, ആപ്പ് മുന്‍കൂട്ടി ബുക്ക് ചെയ്തവരില്‍ പലരും വെയ്റ്റിങ് ലിസ്റ്റില്‍ ആണെന്നുമാണ് ഒരു അന്താരാഷ്‌ട്ര മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തത്.
ട്വിറ്റര്‍, ഫേസ്ബുക്ക്, ആല്‍ഫബെറ്റ്, യൂട്യൂബ് തുടങ്ങിയ സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമുകളില്‍ ട്രംപിന് വിലക്ക് ലഭിച്ചിരുന്നു. 2021 ജനുവരി ആറിന് യു.എസ്.ക്യാപിറ്റോളില്‍ ഉണ്ടായ ആക്രമണത്തെ പിന്തുണച്ചതിന് പിന്നാലെയായിരുന്നു നടപടി. ഇതിന് ശേഷം ഒക്ടോബര്‍ മാസത്തിലാണ് ട്രൂത്ത് സോഷ്യല്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആരംഭിക്കുകയാണെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ട്രംപ് മീഡിയ ആന്റ് ടെക്‌നോളജി ഗ്രൂപ്പിന്റെ ഉടമസ്ഥതിയിലാണ് ആപ്പ് ഒരുങ്ങുന്നത്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് ശബ്ദമാകാന്‍ ഈ പ്ലാറ്റ്‌ഫോം സഹായകമാകുമെന്നാണ് ഇവരുടെ അവകാശവാദം.
മാര്‍ച്ച് അവസാനത്തോടെ ഇത് പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകും. ആദ്യഘട്ടത്തില്‍ അമേരിക്കയില്‍ മാത്രമായിരിക്കും ഇതിന്റെ സേവനം ഉപയോഗിക്കാനാകുന്നത്. കമ്പനിയുടെ പോളിസിയും മറ്റ് വിവരങ്ങളും വൈകാതെ തന്നെ പുറത്ത് വിടുമെന്നും ആപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അറിയിച്ചിട്ടുണ്ട്.
















Comments