ജയ്പൂര്‍: എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഐ.ടി എഞ്ചിനീയറെ ജയിലിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. 38കാരനായ അങ്കിത് ത്യാഗിയാണ് ആത്മഹത്യ ചെയ്തത്. ജയ്പൂര്‍ ജവഹര്‍ സര്‍ക്കിള്‍ പോലീസ് സ്‌റ്റേഷനിലാണ് പോക്‌സോ കേസില്‍ അറസ്റ്റിലായ അങ്കിത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ മാസം 18ാം തിയതിയാണ് ഇയാളെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്യുന്നത്. 20ാം തിയതി അങ്കിത് ജയിലിനുള്ളില്‍ വച്ച് തൂങ്ങിമരിക്കുകയായിരുന്നു.
ഉന്നത ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി. കേസുമായി ബന്ധപ്പെട്ട് ഇയാളെ ചോദ്യം ചെയ്ത് വരികയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം നോക്കുമ്പോഴാണ് അഴികളില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനായി ആശുപത്രിയിലേക്ക് മാറ്റി. അതേസമയം സംഭവത്തില്‍ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി അങ്കിതിന്റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. അങ്കിത് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പറയുന്നത്.
പോക്‌സോ കേസില്‍ അങ്കിതിനെ കുരുക്കിയതാണെന്നും ഇവര്‍ ആരോപിച്ചു. നോയിഡയിലെ ഐടി കമ്പനിയില്‍ ജോലിയുള്ള അങ്കിത് അടുത്ത കാലത്തായി ജയ്പൂരിലെ വീട്ടിലിരുന്നാണ് ജോലി ചെയ്തിരുന്നത്. പീഡനപരാതി ഉയര്‍ത്തിയ കുടുംബം അങ്കിതിന്റെ അയല്‍വാസികളാണെന്നും, വര്‍ഷങ്ങളായി ശത്രുതയില്‍ തുടരുന്ന ഇവര്‍ വ്യാജപരാതി ഉയര്‍ത്തിയതാണെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു. സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments