ഇസ്ലാമാബാദ്: പാകിസ്താനിലെ രാഷ്‌ട്രീയ നേതാക്കൾക്കും ഉന്നത സർക്കാർ പദവി വഹിച്ചിരുന്ന ഉദ്യോഗസ്ഥർക്കും സ്വിസ് ബാങ്കിൽ കളളപ്പണ നിക്ഷേപം ഉണ്ടായിരുന്നുവെന്ന് രേഖകൾ. സ്വിറ്റ്‌സർലൻഡിൽ രജിസ്റ്റർ ചെയ്ത ക്രെഡിറ്റ് സൂയിസ് എന്ന ബാങ്കിംഗ് നിക്ഷേപ സ്ഥാപനത്തിൽ നിന്ന് ചോർന്ന ഈ രേഖകളിലാണ് ഈ വിവരം.
അഫ്ഗാനിലെ റഷ്യൻ അധിനിവേശത്തിനെതിരെ പോരാടാൻ മുജാഹിദ്ദീനുകൾക്ക് വിതരണം ചെയ്യാൻ സൗദി അറേബ്യയും യുഎസും ഉൾപ്പെടെ നൽകിയ ഫണ്ട് പാകിസ്താന്റെ മുൻ ഐഎസ്‌ഐ മേധാവി സ്വിസ് ബാങ്കിലെ രഹസ്യ അക്കൗണ്ടിലേക്ക് മാറ്റിയെന്ന റിപ്പോർട്ടുകളും ഇതോടൊപ്പം പുറത്തുവരുന്നുണ്ട്. സ്വിസ് ബാങ്കിൽ നിന്ന് ചോർന്ന വിവരങ്ങൾ അടിസ്ഥാനമാക്കി ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെയുളള മാദ്ധ്യമങ്ങളാണ് ഈ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. മുൻ ഐഎസ്‌ഐ മേധാവി ജനറൽ അക്തർ അബ്ദുർ റഹ്മാൻ ഖാനെതിരെയാണ് ആരോപണം ഉയർന്നത്. 1979 മുതൽ 87 വരെയാണ് ജനറൽ അക്തർ അബ്ദുർ റഹ്മാൻ ഖാൻ ഐഎസ്‌ഐയുടെ ഡയറക്ടർ ജനറലായിരുന്നത്. 87 മുതൽ 88 വരെ പാക് സൈന്യത്തിന്റെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാനായിരുന്നു.
ജനറൽ സിയ ഉൾ ഹഖിന്റെ വലംകൈയ്യായി അറിയപ്പെട്ടിരുന്ന വ്യക്തിയാണ് ജനറൽ അക്തർ അബ്ദുർ റഹ്മാൻ ഖാൻ. ജനറൽ സിയയുടെ 11 വർഷം നീണ്ട സൈനിക ഭരണത്തിൽ ഏറ്റവും കരുത്തുറ്റ രണ്ടാമത്തെ വ്യക്തിയായിരുന്നു അദ്ദേഹം. 1988 ൽ ജനറൽ സിയ ഉൾ ഹഖ് കൊല്ലപ്പെട്ട വിമാന അപകടത്തിലാണ് അക്തർ അബ്ദുർ റഹ്മാൻ ഖാനും മരിച്ചത്.
യുഎസ് ഉൾപ്പെടെയുളള പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് സിഐഎ വഴിയും മറ്റും മുജാഹിദ്ദീനുകളുടെ സഹായം ഉറപ്പിക്കാൻ വിതരണം ചെയ്തിരുന്ന പണം പാകിസ്താനിലെ ഉന്നത രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ സ്വിസ് ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നുവെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. സോവിയറ്റ് യൂണിയനെതിരായ യുദ്ധത്തിൽ മുജാഹിദ്ദീനുകളെ സഹായിക്കാൻ വേണ്ടിയാണ് യുഎസ് ഉൾപ്പെടെ സാമ്പത്തിക സഹായങ്ങൾ നൽകിയത്. ഇത്തരം ആവശ്യങ്ങൾക്കായി ഔദ്യോഗിക രഹസ്യ ഇടപാടായി നൽകുന്ന പണം അവസാനമായി എത്തിപ്പെടുന്നത് പാക് ചാരസംഘടനയായ ഐഎസ്‌ഐയിലാണ്.
ജനറൽ അക്തർ അബ്ദുർ റഹ്മാൻ ഖാനെക്കൂടാതെ പാകിസ്താനിലെ ഉന്നത രാഷ്‌ട്രീയ നേതൃത്വവും സ്വിസ് ബാങ്ക് അക്കൗണ്ടുകളിൽ രഹസ്യ നിക്ഷേപം ഉളളവരാണെന്ന് രേഖകൾ പറയുന്നു. 1985 ൽ ജനറൽ അക്തറിന്റെ മക്കളുടെ പേരിലും സ്വിസ് ബാങ്കിൽ അക്കൗണ്ട് ഓപ്പൺ ചെയ്തിരുന്നു. ഇതിലെ നിക്ഷേപം 3.7 ബില്യൻ ഡോളറായി ഉയർന്നതായും രേഖകൾ പറയുന്നു. 1400 ഓളം പാക് പൗരൻമാരുടെ 600 ഓളം അക്കൗണ്ടുകളുടെ വിവരങ്ങളാണ് പുറത്തുവന്നത്.
4.42 മില്യൻ സ്വിസ് ഫ്രാങ്ക്‌സ് ആണ് പുറത്ത് വന്ന വിവരങ്ങൾ അനുസരിച്ച് പാകിസ്താനിൽ നിന്നുളള അക്കൗണ്ട് ഉടമകൾ ശരാശരി സ്വിസ് ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്ന തുക. ഔദ്യോഗിക ചുമതലകൾ വഹിച്ചിരുന്ന രാഷ്‌ട്രീയ നേതാക്കൻമാർ സ്വിസ് ബാങ്കുകളിലെ അക്കൗണ്ട് വിവരം വെളിപ്പെടുത്താതെ മറച്ചുവെച്ചതായും പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2016 ൽ ചോർന്ന പനാമ പേപ്പേഴ്‌സിന്റെയും 2017 ലെ പാരഡൈസ് പേപ്പേഴ്‌സിന്റെയും കഴിഞ്ഞ വർഷത്തെ പൻഡോര രേഖകളുടെയും തുടർച്ചയായിട്ടാണ് പുതിയ വിവരങ്ങളും പുറത്തുവരുന്നത്. ജോർദ്ദാനിലെ അബ്ദുളള രണ്ടാമൻ രാജാവിന്റെയും ഈജിപ്ഷ്യൻ ഏകാധിപതിയായിരുന്ന ഹോസ്‌നി മുബാറക്കിന്റെ രണ്ട് മക്കളുടെയും ഉൾപ്പെടെ പേരുകൾ ചോർന്ന വിവരങ്ങളിൽ ഉണ്ട്.
















Comments