കൊച്ചി: തൃക്കാക്കരയിൽ രണ്ടര വയസ്സുകാരിയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ കുട്ടിയുടെ അമ്മയും അമ്മുമ്മയും സംസാരിക്കുന്നത് പരസ്പരവിരുദ്ധമായെന്ന് പോലീസ്. മാനസിക വിഭ്രാന്തിയുള്ളവരെ പോലെയാണ് ഇരുവരും പെരുമാറുന്നതെന്ന് പോലീസ് അറിയിച്ചു. അവരുടെ മൊഴികൾ വിശ്വാസത്തിലെടുക്കാനാകില്ല. അമ്മയുടെ കൂടെയുണ്ടായിരുന്ന ആന്റണി ടിജിൻ അടക്കമുള്ളവരുടെ പശ്ചാത്തലം അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സംരക്ഷണം അച്ഛൻ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടി ഹൈപ്പർ ആക്ടീവ് അല്ലെന്നും ക്രൂര പീഡനമാണ് കുട്ടി നേരിട്ടതെന്നും അച്ഛൻ പറഞ്ഞു.
വെന്റിലേറ്ററിൽ രണ്ടാം ദിവസം പിന്നിടുകയാണ് കുഞ്ഞ്. ശരീരത്തിൽ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നും കുഞ്ഞിന് അമാനുഷിക ശക്തിയുണ്ടെന്നുമാണ് അമ്മയുടേയും അമ്മുമ്മയുടേയും മൊഴി. കുട്ടിയുടെ വിവരങ്ങൾ ആരൊക്കെയോ ചോർത്തുന്നുണ്ട്. മുറിവുകൾ സ്വയം ഉണ്ടാക്കിയതാണെന്നുമാണ് ഇവരുടെ മൊഴി. അതേസമയം കുഞ്ഞിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുഞ്ഞ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. തലച്ചോറിന്റെ ഇരുഭാഗത്തും നീർക്കെട്ടും രക്തസ്രാവവും ഉണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.
കുട്ടിയുടെ അച്ഛൻ ആശുപത്രിയിലെത്തിയിട്ടുണ്ട്. അമ്മയേയും അമ്മുമ്മേയും സംരക്ഷണം ഏൽപ്പിക്കാനാകില്ലെന്നും തനിക്ക് വിട്ട് തരണമെന്നും അച്ഛൻ ബാലക്ഷേമ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴ് മാസം മുൻപാണ് സാധാരണ പോലെ ഭാര്യ വീട് വിട്ട് ഇറങ്ങിയത്. പിന്നീട് വീട്ടിൽ തിരിച്ച് വരാനോ ഫോൺ കോളുകൾ എടുക്കാനോ തയ്യാറായിട്ടില്ല. ആന്റണി ടിജിൻ കുട്ടിയെ അപായപ്പെടുത്താൻ ശ്രമിച്ചതായാണ് സൂചന. യുവതിയുടെ അമ്മയ്‌ക്ക് മാനസികാസ്വാസ്ഥ്യമുണ്ട്. അവരുടെ മറ്റൊരു മകൻ മരിച്ചതിനെ തുടർന്നാണെന്നും അച്ഛൻ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി അപസ്മാരം വന്നതിനെ തുടർന്നാണ് കുട്ടിയെ കോലഞ്ചേരിയിലെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. മറ്റൊരു ആശുപത്രിയിൽ നിന്നും അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. തുടർന്നാണ് കുട്ടിയുടെ ശരീരമാസകലം മർദ്ദനമേറ്റ പാടുകൾ കണ്ടെത്തുന്നത്. പിന്നാലെ ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു. പഴക്കമുള്ള മുറിവുകളും ശരീരത്തിൽ കണ്ടെത്തിയിരുന്നു. ചികിത്സ വൈകിപ്പിച്ചതിനെ തുടർന്ന് അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
















Comments