പോലീസുകാരൻ അടക്കം നാല് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് 24കാരി ആത്മഹത്യ ചെയ്തു. തെലങ്കാന സ്വദേശിയായ 24കാരിയാണ് വിഷം കഴിച്ച് മരിച്ചത്. ബുധനാഴ്‌ച്ച മഹാബുബാബാദിലെ നെല്ലികുടൂർ പോലീസ് സ്‌റ്റേഷനിൽ ലഭിച്ച പരാതിയിലാണ് പോലീസ് കോൺസ്റ്റബിൾ അടക്കമുള്ളവർക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.
സുഹൃത്തിന്റെ വീട്ടിൽ പോയപ്പോൾ ക്രൂരപീഡനത്തിന് ഇരയായെന്നാണ് യുവതിയുടെ പരാതി. ഫെബ്രുവരി 16നാണ് പീഡനം നടന്നതെന്നും തന്നെ തടവിൽ വെയ്‌ക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ഫെബ്രുവരി 17നും പീഡനം തുടർന്നു. ഫെബ്രുവരി18ന് വീട്ടിൽ മടങ്ങിയെത്തിയ യുവതി വിഷം കഴിക്കുകയായിരുന്നു. യുവതിയെ ഉടൻ തന്നെ മഹാബുബാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഫെബ്രുവരി 22നാണ് യുവതി മരിച്ചത്.
പീഡന വിവരത്തെ കുറിച്ച് മരണമൊഴി നൽകിയ ശേഷമായിരുന്നു യുവതിയുടെ അന്ത്യം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 367 ഡി, 306, 354 ഡി, 34 എന്നീ വകുപ്പുകൾ ചേർന്നാണ് എഫ്‌ഐആർ രേഖപ്പെടുത്തിയിരിക്കുന്നത്. പരാതിയിൽ പറയുന്ന പോലീസ് കോൺസ്റ്റബിളിനെ തിരിച്ചറിഞ്ഞതായി കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Comments