ഹൈദരാബാദ്: ഇടത് പക്ഷ അനുകൂല മാദ്ധ്യമമായ ‘ദി വയറി’ന് താക്കീതുമായി തെലങ്കാന കോടതി. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഭാരത് ബയോടെക്കിനും, അവർ വികസിപ്പിച്ചെടുത്ത കൊറോണ വാക്‌സിനുമെതിരെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ച സംഭവത്തിലാണ് കോടതിയുടെ ശാസന. കമ്പനിയ്‌ക്കും വാക്‌സിനും എതിരെ പ്രസിദ്ധീകരിച്ച 14 ലേഖനങ്ങൾ പിൻവലിക്കുകയും, അത്തരത്തിലുള്ള ഒരു ലേഖനങ്ങളും ഇനി പ്രസിദ്ധീകരിക്കരുതെന്നും കോടതി ഉത്തരവിട്ടു.
ദി വയറിനും അതുമായി ബന്ധപ്പെട്ട് നിൽക്കുന്ന 12 പേർക്കുമെതിരെ ഭാരത് ബയോടെക് 100 കോടി രൂപ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് കോടതിയുടെ ഉത്തരവ്. ഭാരത് ബയോടെക്കുമായി ബന്ധപ്പെട്ട് അപകീർത്തികരമായ ലേഖനങ്ങളിൽ ഇനി ഒരിക്കലും പ്രസിദ്ധീകരിക്കരുതെന്ന് ദി വയർ എഡിറ്റർ സിദ്ധാർത്ഥ് വരദരാജനോടും മറ്റുള്ളവരോടും കോടതി കർശന നിർദ്ദേശം നൽകി.
സിദ്ധാർത്ഥ് വരദരാജൻ, സിദ്ധാർത്ഥ് ഭാട്ടിയ, എംകെ ഭാനും, നീത സംഘി, വാസുദേവൻ മുകുന്ത്, ശോഭൻ സക്‌സേന, ഫ്‌ലോറൻസിയ കോസ്റ്റ, പ്രേം ആനന്ദ് മുരുകൻ, ബൻജോത് കൗർ, പ്രിയങ്ക പുല്ല, സെറാജ് അലി, ജമ്മി നാഗരാജ് എന്നിവർക്കെതിരെയാണ് കമ്പനി മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
ഭാരത് ബയോടെക്കിനും കൊവാക്‌സിനും എതിരെ തെറ്റായ ആരോപണങ്ങൾ അടങ്ങിയ ലേഖനങ്ങൾ ദി വയർ പ്രസിദ്ധീകരിച്ചു എന്നാണ് കമ്പനി കോടതിയിൽ ഉന്നയിച്ച വാദം. ഭാരത് ബയോടെക് എന്ന സ്ഥാപനത്തിനെ മനപൂർവ്വം അപകീർത്തിപ്പെടുത്താനും, കമ്പനിയുടെ പ്രശസ്തി തകർക്കാനുമാണ് ദി വയർ ശ്രമിക്കുന്നതെന്ന് ഭാരത് ബയോടെക്കിന്റെ അഭിഭാഷകൻ വിവേക് റെഡ്ഡി വാദിച്ചു.
ക്ഷയം, സിക്ക റോട്ടാവൈറസ്, ചിക്കുൻഗുനിയ, ടൈഫോയ്ഡ് എന്നിവ പ്രതിരോധിക്കാനുള്ള വാക്‌സിനുകൾ ഭാരത് ബയോടെക്ക് വികസിപ്പിച്ചിട്ടുണ്ട്. കൂടാതെ, ആഗോള ദേശീയ തലത്തിൽ അംഗീകാരവും കമ്പനിയ്‌ക്ക് ഇതിനോടകം ലഭിച്ചു കഴിഞ്ഞു. ഇപ്പോൾ, കേന്ദ്ര സർക്കാരിന്റെയും, കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് കൊറോണ പ്രതിരോധ വാക്‌സിൻ വികസിപ്പിച്ചത്. വസ്തുതകൾ പരിശോധിക്കാതെ വാക്‌സിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അത്തരം ലേഖനങ്ങളുടെ ഒരു പരമ്പര തന്നെ ദി വയർ പ്രസിദ്ധീകരിച്ചു എന്ന് വിവേക് റെഡ്ഡി കോടതിയെ അറിയിച്ചു.
കേന്ദ്ര സർക്കാർ വാക്‌സിന് അംഗീകാരം നൽകിയിട്ടും, ദി വയർ വാക്‌സിന് എതിരായ വാർത്തകൾ പ്രസിദ്ധീകരിച്ചു. 15നും 18നും ഇടയിൽ പ്രായമുള്ളവർക്ക് കൊവാക്‌സിനാണ് അംഗീകരിച്ചിരിക്കുന്നത്. എന്നാൽ വാക്‌സിനെ അപകീർത്തിപ്പെടുത്തുന്ന ലേഖനങ്ങളാണ് ദി വയർ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നത് എന്ന് കോടതിയ്‌ക്ക് ബോധ്യപ്പെട്ടു. അതിനാൽ തന്നെ ഭാരത് ബയോടെക്കിനും, കൊവാക്‌സിനും എതിരായി ദി വയർ പ്രസിദ്ധീകരിച്ച എല്ലാ ലേഖനങ്ങളും അടുത്ത 48 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യാൻ കോടതി ഉത്തരവിട്ടു.
English summary: Court orders The Wire to take down 14 articles against Bharat Biotech and Covaxin, not to publish any more defamatory reports.
















Comments