കീവ്: യൂറോപ്പിലേക്ക് യുദ്ധം വീണ്ടുമെത്തിച്ചതിന്റെ പൂർണ ഉത്തരവാദിത്വം റഷ്യൻ പ്രസിഡന്റ് വ്‌ളാഡമിർ പുടിനാണെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെൽ ലെയ്ൻ. സംഘർഷ സാഹചര്യത്തിൽ യൂറോപ്യൻ യൂണിയൻ യുക്രെയ്‌നിനോടും അവിടുത്തെ ജനങ്ങളോടുമൊപ്പമാണ്. ഒരു പരമാധികാര സ്വതന്ത്ര രാജ്യത്തിനെതിരെ റഷ്യ നടത്തുന്ന ആക്രമണമാണ് യുഎൻ അഭിമുഖീകരിക്കുന്നതെന്നും പ്രസിഡന്റ് ഉർസുല വോൺ പ്രതികരിച്ചു.
റഷ്യ ഉന്നം വെക്കുന്നത് ഡോൺബാസോ യുക്രെയ്‌നോ മാത്രമല്ല. യൂറോപ്പ് മുഴുവൻ പിടിച്ചടക്കുകയാണ് റഷ്യയുടെ ലക്ഷ്യം. അതിനാൽ കേവലം യുക്രെയ്‌നിന് നേരെ മാത്രമുള്ള ഒരാക്രമണമായി ഈ യുദ്ധത്തെ യൂറോപ്യൻ യൂണിയൻ കണക്കാക്കുന്നില്ല. ഇതിന്റെയെല്ലാം പരിണിതഫലങ്ങളുടെ പൂർണ ഉത്തരവാദിത്വം റഷ്യയ്‌ക്കായിരിക്കുമെന്നും കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ വ്യക്തമാക്കി.
ഇതിനിടെ റഷ്യയുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചെന്ന് യുക്രെയ്ൻ പ്രഖ്യാപിച്ചു. പ്രസിഡന്റ് സെലെൻസ്‌കിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. യുക്രെയ്‌നിനെതിരായ ആക്രമണത്തിനെതിരെ റഷ്യക്കാർ ശബ്ദമുയർത്തണമെന്നും റഷ്യക്കാർ എന്നും സുഹൃത്തുക്കളാണെന്നും സെലൻസ്‌കി ആവശ്യപ്പെട്ടു. നാല്പതോളം യുക്രെയ്ൻ സൈനികരും പത്തോളം ജനങ്ങളും ആക്രമണത്തിൽ കൊല്ലപ്പെട്ടതായും യുക്രെയ്ൻ പ്രസിഡന്റ് പറഞ്ഞു.
Comments