ന്യൂഡൽഹി : യുക്രെയ്‌നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രക്ഷിക്കാൻ വ്യോമ സേന സജ്ജമാണെന്ന് ഉദ്യോഗസ്ഥർ. യുക്രെയ്‌നിലെ വ്യോമ പ്രതിരോധവും വിമാനത്താവളങ്ങളും റൺവേകളും റഷ്യ ആക്രമിച്ച് തകർത്തു. ഈ സാഹചര്യത്തിൽ വിമാനമാർഗ്ഗമുള്ള രക്ഷാപ്രവർത്തനം സാധ്യമല്ല. എന്നാൽ ഏത് രീതിയിലും ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ തങ്ങൾ സജ്ജമാണെന്ന് വ്യോമസേന അറിയിച്ചു.
കേന്ദ്ര സർക്കാർ നിർദ്ദേശിക്കുന്ന ഏത് ദൗത്യവും ഏറ്റെടുക്കാൻ തയ്യാറാണ്. വ്യോമപാത തുറന്നാൽ ഇത് കൂടുതൽ സൗകര്യപ്രദമാകും. ഇന്ത്യക്കാരെ എങ്ങനെയും രാജ്യത്തെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ട് പോകുന്നത് എന്നും വ്യോമ സേന ഉദ്യോഗസ്ഥർ അറിയിച്ചു.
വിദ്യാർത്ഥികൾ ഉൾപ്പെടെ 18,000 ത്തോളം ഇന്ത്യക്കാരാണ് യുക്രെയ്‌നിൽ കുടുങ്ങിക്കിടക്കുന്നത്. വ്യോമപാത റദ്ദാക്കിയ സാഹചര്യത്തിൽ ഇവരെ കൊണ്ടുവരാനുള്ള ബദൽ നടപടികൾ പുരോഗമിക്കുകയാണ്. എല്ലാവരേയും സുരക്ഷിതമായ രാജ്യത്തെത്തിക്കാൻ കേന്ദ്ര സർക്കാരിന് സാധിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിച്ചിരുന്നു.
സംഭവത്തിൽ ചർച്ച നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ധനമന്ത്രി നിർമല സീതാരാമൻ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
















Comments