ലണ്ടൻ : റഷ്യ ആക്രമണം തുടങ്ങിയ പശ്ചാത്തലത്തിൽ യുക്രെയ്നിലെ ജനങ്ങൾക്ക് ആത്മവിശ്വാസം നൽകി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. യുകെ എന്നും നിങ്ങളോടൊപ്പമുണ്ടെന്നും യുക്രെയ്നിലെ എല്ലാ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. സഖ്യകക്ഷികളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
റഷ്യയുടെ സമ്പദ് വ്യവസ്ഥയെ പിടിച്ചുനിർത്തുന്ന സാമ്പത്തിക ഉപരോധം ഏർപ്പെടുത്താൻ സഖ്യകക്ഷികളുമായി നടത്തിയ യോഗത്തിൽ തീരുമാനമായി എന്ന് അദ്ദേഹം അറിയിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ സ്വേച്ഛാധിപതിയാണെന്ന് അദ്ദേഹം വിമർശിച്ചു. പാശ്ചാത്യ രാഷ്ട്രീയത്തിൽ കടന്നുകയറാൻ പുടിനെ സഹായിച്ചത് റഷ്യയുടെ എണ്ണ, വാതകം എന്നിവയെ ആഗോളരാജ്യങ്ങൾ ആശ്രയിക്കുന്നതാണ്. അത് നിർത്തലാക്കണമെന്നും ബോറിസ് ജോൺസൺ ആവശ്യപ്പെട്ടു. ഒരു പ്രകോപനവുമില്ലാതെ ആക്രമണം നടത്തി ദുരന്തം ഉണ്ടാക്കാനാണ് റഷ്യ ശ്രമിക്കുന്നത് എന്ന് ബോറിസ് ജോൺസൺ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഞങ്ങൾ എന്നും യുക്രെയ്നിലെ ജനങ്ങളോടൊപ്പമാണെന്നും ബോറിസ് ജോൺസൺ പറഞ്ഞു. എല്ലാവരുടേയും കുടുംബത്തിനായി തങ്ങൾ പ്രാർത്ഥിക്കുന്നുണ്ട്. രാജ്യത്തെ സുരക്ഷിതമാക്കാൻ എന്ത് വേണമെങ്കിലും ചെയ്യുമെന്നും ജോൺസൺ വ്യക്തമാക്കി. എന്നാൽ യുക്രെയ്നെ പിന്തുണച്ച് റഷ്യയ്ക്കെതിരെ യാതൊരു സൈനിക നീക്കങ്ങളും നടത്തില്ല എന്ന നിലപാടിലാണ് നാറ്റോ സഖ്യം.
Comments