പാരീസ്: റഷ്യയ്‌ക്ക് ശക്തമായ മുന്നറിയിപ്പുമായി ഫ്രാൻസ്. ആണവായുധങ്ങൾ കൈവശം ഉണ്ടെന്ന ധൈര്യത്തിലാണ് ഭീഷണി മുഴക്കുന്നതെങ്കിൽ, നാറ്റോയുടെ കൈവശവും ആണവായുധങ്ങൾ ഉണ്ടെന്ന് പുടിൻ ഓർക്കണമെന്നാണ് ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീൻ യെവ്‌സ് ലെ ഡ്രിയാൻ പറഞ്ഞത്. യുക്രെയ്‌നും തങ്ങളുമായുള്ള പ്രശ്‌നത്തിൽ ബാഹ്യശക്തികൾ ഇടപെട്ടാൽ ഒരിക്കലും നേരിടാത്ത തരത്തിലുള്ള അനന്തരഫലങ്ങൾ നേരിടേണ്ടി വരുമെന്നാണ് പുടിൻ ഇന്നലെ പറഞ്ഞത്.
ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണിയാണ് റഷ്യ ഉയർത്തുന്നതെന്നും ഡ്രിയാൻ ആരോപിച്ചു. ‘ അറ്റ്‌ലാന്റിക് സഖ്യവും ഒരു ന്യൂക്ലിയർ സഖ്യമാണെന്ന് പുടിൻ മനസിലാക്കണം. അതാണ് ഇപ്പോൾ പ്രധാനമായും പറയാനുള്ളതെന്നും’ അദ്ദേഹം പറഞ്ഞു. അതേസമയം നാറ്റോ അംഗരാജ്യങ്ങളുടെ സുരക്ഷയ്‌ക്കായി ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി 7000 സൈനികരെ ജർമ്മനിയിൽ വിന്യസിക്കുമെന്നും ബൈഡൻ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം റഷ്യൻ എയർലൈൻസായ എയറോഫ്‌ളോട്ട്, ബാങ്കുകൾ, വ്യവസായങ്ങൾ തുടങ്ങിയവയ്‌ക്ക് യുകെ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. റഷ്യൻ മുന്നേറ്റം ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണ്. ആദ്യ ദിനം വിജയകരമാണെന്നാണ് റഷ്യൻ സൈനികർ അറിയിച്ചത്.
Comments