കീവ്: യുക്രെയ്‌നിൽ ആക്രമണം തുടരുന്നതിനിടെ റഷ്യയിലെ പ്രധാനപ്പെട്ട വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്ത് ഹാക്കർമാർ. ഇന്നലെ രാജ്യത്തെ ഹാക്കർമാരെ തേടി യുക്രെയ്‌നിയൻ പ്രതിരോധ മന്ത്രാലയത്തിന്റെ സന്ദേശമെത്തിയുള്ള വിവരം പുറത്തുവന്നതിന് പിന്നാലെയാണ് റഷ്യൻ സൈറ്റുകൾ ഹാക്ക് ചെയ്ത വാർത്തകൾ പുറത്തുവരുന്നത്. ഹാക്കർമാരുടെ കൂട്ടായ്മയായ അനോനിമസ് ആണ് റഷ്യയിലെ സർക്കാർ വെബ് സൈറ്റായ ആർടി ന്യൂസ് അടക്കമുള്ളവ ഹാക്ക് ചെയ്തത്.
റഷ്യൻ ഇന്റർനെറ്റ് സേവന ദാതാക്കളായ കോം 2 കോം, പിടിടി ടെലിപോർട്ട് മോസ്‌കോ, റെൽകോ സോവം ടെലിപോർട്ട് എന്നിവയും ഹാക്ക് ചെയ്തിട്ടുണ്ട്. തങ്ങൾ നിലവിൽ റഷ്യൻ ഫെഡറേഷനെതിരായ പ്രവർത്തങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. തങ്ങളുടെ പ്രവർത്തനങ്ങൾ റഷ്യൻ സർക്കാരിനെ ലക്ഷ്യം വെച്ചുള്ളതാണെന്ന് അനോനിമസ് പ്രതിനിധികൾ അറിയിച്ചു.
യുക്രെയ്‌നിൽ സൈനികർ മാത്രമല്ല മറ്റ് പലതലങ്ങളിലും ചെറുത്ത് നിൽപ്പിനുള്ള ശ്രമങ്ങൾ തുടരുകയാണ്. യുക്രെയ്‌നിലെ വൈദ്യുത നിലയം, ജലസേചന സംവിധാനങ്ങൾ തുടങ്ങിയവയുടെ പ്രവർത്തനം താളം തെറ്റിക്കാതിരിക്കാനും അട്ടിമറിക്കാതിരിക്കാനും സൈബർ സുരക്ഷ ഒരുക്കുക എന്ന ദൗത്യവും സൈബർ ഹാക്കർമാർ ചെയ്യുന്നുണ്ട്.
2015ൽ റഷ്യ നടത്തിയ സൈബർ ആക്രമണത്തിൽ യുക്രെയ്‌നിലെ ജലവൈദ്യുത നിലയങ്ങൾ താറുമാറായിരുന്നു. രണ്ടര ലക്ഷത്തോളം യുക്രെയ്ൻ നിവാസികളാണ് ഇതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിച്ചത്. ലോകമെമ്പാടുമുള്ള ഹാക്കർ ശൃംഖലയിലെ പ്രധാനികളാണ് അനോനിമസ്. ഇതിലെ അംഗങ്ങൾ അനോൺസ്’ എന്നാണ് അറിയപ്പെടുന്നത്.
Comments