കിവ് : റഷ്യ പിടിച്ചെടുത്ത യുക്രെയ്നിലെ ചെർണോബിൽ ആണവ പ്ലാന്റിന് സമീപം റേഡിയേഷൻ വർദ്ധിച്ചുവെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. പ്രവർത്തനരഹിതമായി കിടക്കുന്ന ആണവനിലയത്തിന് സമീപമാണ് വികിരണം വർദ്ധിച്ചിരിക്കുന്നത്. യുക്രെയ്ൻ ആണവ ഏജൻസിയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.
ഇന്നലെ രാത്രിയോടെയാണ് റഷ്യ, ചെർണോബിൽ പൂർണമായും പിടിച്ചെടുത്തത്. ഇതിന് പിന്നാലെയാണ് പ്രശ്നങ്ങൾ ഗുരുതരമാകുന്നു എന്ന സൂചനകൾ നൽകുന്ന പുതിയ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.
സാധാരണയിലും അധികമായി ഗാമ റേഡിയേഷനാണ് അന്തരീക്ഷത്തിൽ കാണാൻ സാധിക്കുന്നത്. എന്നാൽ ഇത് കാര്യമാക്കേണ്ടതില്ലെന്നും റഷ്യയുടെ സൈനിക ഉപകരണങ്ങൾ ഉയർത്തുന്ന പൊടിയാണ് ഇതിന് കാരണമെന്നും യുക്രൈനിലെ സ്റ്റേറ്റ് ന്യൂക്ലിയർ റെഗുലേറ്ററി ഇൻസ്പെക്ടറേറ്റ് അറിയിച്ചതായി ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ ഇഗോർ കൊണഷെൻകോവും സംഭവത്തിൽ പ്രതികരണം നടത്തി. ചെർണോബിൽ ആണവ നിലയം സംരക്ഷിക്കുക മാത്രമാണ് ചെയ്തത്. റേഡിയേഷൻ സാധാരണയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിടെ ആക്രമണം നടത്തിയതിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും റഷ്യ വ്യക്തമാക്കി.
Comments