ന്യൂഡൽഹി: യുക്രെയ്‌നിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ദൗത്യം ആരംഭിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അറിയിച്ചു. റുമാനിയ, ഹംഗറി, പോളണ്ട്, സ്ലൊവാക്യ എന്നീ നാല് അയൽ രാജ്യങ്ങളുമായി സഹകരിച്ചാണ് രക്ഷദൗത്യം പുരോഗമിക്കുന്നത്. യുക്രെയ്ൻ അതിർത്തിയിൽ എത്തിയവരുടെ വിസാ നടപടികൾ പൂർത്തിയാക്കി കേന്ദ്ര സർക്കാരിന്റെ ചെലവിൽ അവരെ സുരക്ഷിതമായി തിരികെ എത്തിക്കും. ഇവരെ നാളെ ഡൽഹിയിലും മുംബൈയിലുമായാണ് എത്തിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
പ്രാഥമിക ഘട്ടത്തിൽ യുക്രെയ്‌നിൽ നിന്നും അയൽരാജ്യങ്ങളായ റുമാനിയ, ഹംഗറി, പോളണ്ട്, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങളിലൂടെയാണ് ഒഴിപ്പിക്കൽ നടപടി ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്. നാളെയോടുകൂടി ഈ രാജ്യങ്ങളിൽ നിന്നുള്ള ആളുകളെയും കൊണ്ട് ഡൽഹിയിലേയ്‌ക്കും മുബൈയിലേയ്‌ക്കും വിമാനം സർവീസ് തുടങ്ങാനാണ് ആലോചന. ഇതിനോടകം തന്നെ റുമാനിയ, ഹംഗറി എന്നിവിടങ്ങളിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ യുക്രെയ്ൻ അതിർത്തിയിൽ എത്തിയിട്ടുണ്ട്. അതിർത്തിയിൽ എത്തിയിട്ടുള്ള ഇന്ത്യക്കാരുടെ വിസ നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കി അവരെ ഏറ്റവും അടുത്തുള്ള അന്താരാഷ്‌ട്ര വിമാനത്താവളത്തിലേയ്‌ക്ക് എത്തിക്കാനുള്ള കാര്യങ്ങളാണ് ആസൂത്രണം ചെയ്യുന്നത് എന്ന് മന്ത്രി വ്യക്തമാക്കി.
ഇന്നലെ രാത്രിയിൽ തന്നെ ഈ നാല് രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരുമായി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചർച്ച നടത്തിയിരുന്നു. ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ഈ രാജ്യങ്ങൾ വാഗ്ദാനം നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ ചെലവിലാണ് വിമാനങ്ങളുടെ സർവീസ്. വിദ്യാർത്ഥികളിൽ നിന്നും യാത്ര ചെലവ് ഈടാക്കരുതെന്നും കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
യുക്രെയ്‌നിൽ നിന്നും തിരികെ എത്താൻ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും തിരികെ രാജ്യത്തെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നത്. ഇതിന് ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും കേന്ദ്ര വിദേശകാര്യമന്ത്രാലയം നടത്തിക്കൊണ്ടിരിക്കുകയാണ്. ആവശ്യമായ മുറയ്‌ക്ക് വിമാനങ്ങൾ ലഭ്യമാക്കുന്നതിനായി വ്യോമയാന മന്ത്രാലയവുമായും ചർച്ച നടത്തിയിട്ടുണ്ട്. എയർ ഇന്ത്യയുടെ വിമാനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഒഴിപ്പിക്കലിനായി ഏകദേശം 1,500ഓളം ആളുകളാണ് രണ്ട് രാജ്യങ്ങളുടെ അതിർത്തിയിൽ എത്തിയത്. മറ്റ് ആളുകളെ സാഹചര്യങ്ങൾ വിലയിരുത്തി സുരക്ഷിതമായി ഇന്ത്യയിൽ എത്തിക്കും. കീവിലും മറ്റ സ്ഥലങ്ങളിലും ഉള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
Comments