ബ്രസ്സെൽസ് : യുക്രെയ്‌നിൽ സൈനിക ആക്രമണം നടത്തുന്ന റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും, വിദേശകാര്യമന്ത്രി സെർജി ലവ്‌റോവിനുമെതിരെയും നടപടിയെടുക്കാൻ യൂറോപ്യൻ യൂണിയൻ. ഇരുവരുടെയും സ്വത്തുക്കൾ മരവിപ്പിക്കാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു. റഷ്യൻ ആക്രമണത്തിൽ വലിയ നാശനഷ്ടമാണ് യുക്രെയ്‌നിൽ ഉണ്ടായത്. ഈ സാഹചര്യത്തിലാണ് നടപടി.
യുക്രെയ്‌നിൽ അധിനിവേശത്തിന് ശ്രമിക്കുന്ന റഷ്യയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്ന കാര്യങ്ങൾ ചർച്ച ചെയ്യാൻ യൂറോപ്യൻ യൂണിയൻ വെള്ളിയാഴ്ച വൈകീട്ട് യോഗം ചേർന്നിരുന്നു. ഇതിലാണ് സ്വത്തുക്കൾ മരവിപ്പിക്കാൻ തീരുമാനിച്ചത്. വരും ദിവസങ്ങളിൽ റഷ്യയ്‌ക്കെതിരെ കൂടുതൽ നടപടികൾ ഉണ്ടായേക്കുമെന്ന സൂചനയാണ് യൂറോപ്യൻ യൂണിയൻ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്നത്.
ആകെ 27 രാജ്യങ്ങളാണ് യൂറോപ്യൻ യൂണിയനിൽ ഉള്ളത്. ഇതിൽ 25 രാജ്യങ്ങളും സ്വത്തുക്കൾ മരവിപ്പിക്കാനുള്ള തീരുമാനത്തെ അനുകൂലിച്ചു. ഇറ്റലിയും ജർമ്മനിയും തീരുമാനത്തോട് വിയോജിച്ചു. എന്നിരുന്നാലും ഭൂരിപക്ഷ അഭിപ്രായം പരിഗണിക്കുകയായിരുന്നു.
യൂറോപ്യൻ യൂണിയന്റെ പുതിയ ഉപരോധം റഷ്യയിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്ന് യോഗത്തിന് ശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രതികരിച്ചു. റഷ്യയെ ഞെരുക്കുന്ന കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
















Comments