കീവ്: തെക്ക്കിഴക്കൻ യുക്രെയ്‌നിലെ മെലിറ്റോപോൾ നഗരം റഷ്യ പിടിച്ചെടുത്തതായി റിപ്പോർട്ട്. അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ യുക്രെയ്ൻ സർക്കാർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.തെക്കൻ യുക്രെയ്‌നിലെ തന്ത്ര പ്രധാനനഗരമാണ് മെലിറ്റോപോൾ. അതിനിടെ തലസ്ഥാനമായ കീവ് കീഴടക്കുന്നതിനായി ശക്തമായ ആക്രമണം റഷ്യൻ സൈന്യം നടത്തുകയാണ്.
സർവ്വ ശക്തിയും ഉപയോഗിച്ച് യുക്രെയ്ൻ സൈന്യം പ്രതിരോധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ക്രൂയിസ് മിസൈലുകൾ ഉപയോഗിച്ചാണ് റഷ്യയുടെ പ്രധാന ആക്രമണം. ടാങ്കുകളുമായി കരസേനയും മുന്നേറുകയാണ്. യുക്രെയ്‌നിലെ അധിനിവേശം ആരംഭിച്ചതിന് ശേഷം റഷ്യ കൈവരിക്കുന്ന ആദ്യ നേട്ടമാണ് മെലിറ്റോപോളിലെ വിജയം. ആക്രമണം ആരംഭിച്ചതിനുശേഷം റഷ്യൻ സൈന്യം കീഴടക്കുന്ന വലിയ നഗരവുമാണ് മെലിറ്റോപോൾ. ഏകദേശം ഒന്നരലക്ഷത്തോളം ജനസംഖ്യയുള്ള പ്രദേശമാണിത്.
കരിങ്കടലിലെ മരിയോപോളി, വടക്ക്കിഴക്ക് ഭാഗത്തെ സുമി, കിഴക്കൻ മേഖലയായ പോൾട്ടാവ എന്നിവിടങ്ങളിൽ നിന്ന് ശക്തമായ ക്രൂയിസ് മിസൈൽ ആക്രമണം റഷ്യൻ സൈന്യം നടത്തിയതായി യുക്രെയ്ൻ സൈന്യം പറഞ്ഞു. അതിനിടെ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാൻ കര-ആകാശ മാർഗ്ഗങ്ങളിലൂടെ റഷ്യ ആക്രമണം കൂടുതൽ കടുപ്പിച്ചു.
ജനവാസ കേന്ദ്രങ്ങളിലേയ്‌ക്ക് മിസൈലുകൾ പായിക്കുകയാണ് റഷ്യയെന്ന് ആരോപണം ഉയരുന്നുണ്ട്. നിരവധി പേർ താമസിക്കുന്ന കീവിലെ ഒരു അപ്പാർട്ട്‌മെന്റിൽ റഷ്യൻ മിസൈൽ പതിച്ചതായി യുക്രെയ്ൻ സർക്കാർ പറഞ്ഞു. കീവ് വിമാനത്താലളത്തിന് സമീപത്തും ക്രൂയിസ് മിസൈൽ പതിച്ചു. നഗര മദ്ധ്യത്തിലെ സർക്കാർ സ്ഥാപനങ്ങൾക്ക് സമീപം ശക്തമായ വെടിവെയ്പ് നടന്നതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
Comments