ന്യൂയോർക്ക്: സ്വിഫ്റ്റിൽ നിന്ന് റഷ്യൻ ബാങ്കുകളെ പുറത്താക്കാൻ നീക്കം. യൂറോപ്യൻ കമ്മീഷൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, യുണൈറ്റഡ് കിംഗ്ഡം, കാനഡ, വൈറ്റ് ഹൗസ് തുടങ്ങിയ രാജ്യങ്ങൾ ഒരു കൂട്ടം റഷ്യൻ ബാങ്കുകളെ സ്വിഫ്റ്റിൽ നിന്ന് പുറത്താക്കുമെന്ന് അറിയിച്ചു. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ധനകാര്യ സ്ഥാപനങ്ങളെ ബന്ധിപ്പിക്കുന്ന ശക്തമായ സുരക്ഷാ നെറ്റ്‌വർക്കാണ് സ്വിഫ്റ്റ്. അതേസമയം റഷ്യൻ സെൻട്രൽ ബാങ്കിന്റെ ആസ്തികൾ മരവിപ്പിക്കുമെന്നും ഇടപാടുകൾ ഇതോടെ നിർത്തലാകുമെന്നും യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ വ്യക്തമാക്കി.
ഈ യുദ്ധം റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിന്റെ തന്ത്രപരമായ പരാജയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വിഫ്റ്റിൽ നിന്നും പുറത്താക്കുന്നത്. ഇതോടെ അന്താരാഷ്‌ട്ര തലത്തിൽ റഷ്യയുടെ സാമ്പത്തിക ഇടപാടുകൾ നിർത്തലാകും. ആഗോളതലത്തിൽ റഷ്യയ്‌ക്ക് ഇടപാടുകൾ നടത്താനുള്ള സാധ്യത ഇതോടെ ഇല്ലാതാകുമെന്നുമാണ് വിലയിരുത്തൽ.
നിലവിൽ റഷ്യ നേരിടുന്ന ഉപരോധത്തിന്റെ ആഘാതങ്ങളെ മറികടക്കാൻ അന്താരാഷ്‌ട്ര കരുതൽ ശേഖരം വിന്യസിച്ചുകൊണ്ട് റഷ്യൻ സെൻട്രൽ ബാങ്ക് നടത്തുന്ന നീക്കങ്ങളെ തടയും. ഇതിനായുള്ള നിയന്ത്രണ നടപടികൾ കൊണ്ടുവരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇതിനകം ചുമത്തിയ ഉപരോധങ്ങളുടെ ആഘാതം ഒഴിവാക്കാൻ റഷ്യയിലെ അതിസമ്പന്നർക്ക് അനുവദിക്കുന്ന ‘ഗോൾഡൻ പാസ്പോർട്ടുകളുടെ’ വിൽപ്പനയും നിയന്ത്രിക്കുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
റഷ്യൻ സെൻട്രൽ ബാങ്കിന് ഉപരോധം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്. എന്നാൽ റഷ്യയുടെ അത്ര ഭീമനായ രാജ്യത്തിന് ഇത്തരത്തിലൊരു ഉപരോധം നൽകിയാൽ അത് ഏതെല്ലാം വിധത്തിൽ രാജ്യത്തെ ബാധിക്കുമെന്നത് ചർച്ചയിലാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ ഒരു അന്തിമ തീരുമാനം എടുത്തിട്ടില്ല. ഇതിനിടെ പുടിനെ ഒറ്റപ്പെടുത്താനുള്ള പാശ്ചാത്യ രാജ്യങ്ങളിലെ നേതാക്കളുടെ ശ്രമങ്ങൾ തുടരുകയാണ്.
Comments