ന്യൂഡൽഹി:യുക്രെയ്‌നിൽ കുടുങ്ങിയ അവസാന ഇന്ത്യക്കാരനെയും സുരക്ഷിതമായി രാജ്യത്ത് തിരികെ എത്തിക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. കേന്ദ്ര സർക്കാരിന്റെ ചിലവിലാണ് ഇവരെ തിരികെ കൊണ്ടുവരുന്നത്. സർക്കാർ കൂടെയുള്ളപ്പോൾ ലോകത്തിന്റെ ഏത് കൊണിലാണെങ്കിലും, ഇന്ത്യക്കാർ സുരക്ഷിതരായിരിക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
‘യുക്രെയ്‌നിലുള്ള എല്ലാ ഇന്ത്യക്കാരെയും കേന്ദ്ര സർക്കാരിന്റെ ചിലവിൽ തിരികെ രാജ്യത്തെത്തിക്കും. ഓപ്പറേഷൻ ഗംഗ എന്ന് പേരിട്ടിരിക്കുന്ന രക്ഷദൗത്യത്തിനായി കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുകയും യുക്രെയ്‌നിന്റെ അയൽ രാജ്യങ്ങളുടെ സഹായത്തോടെ ഇവരെ തിരികെ എത്തിക്കുകയും ചെയ്യും’ രാജ്‌നാഥ് സിംഗ് പറഞ്ഞു.
കൂടാതെ, യുദ്ധം കടുത്ത യുക്രെയ്‌നിൽ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യക്കാരുടെ സുരക്ഷയ്‌ക്കാണ് പ്രഥമ പരിഗണന. ഇതിനായി കേന്ദ്ര സർക്കാർ രാവും പകലും ശ്രമിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഏവരും ഐക്യത്തോടെ നിൽക്കണമെന്നും നരേന്ദ്ര മോദി ആവശ്യപ്പെട്ടു.
ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി മൂന്ന് വിമാനങ്ങളിലായി ഇതുവരെ 710 ഇന്ത്യക്കാരാണ് യുക്രെയ്‌നിൽ നിന്നും തിരികെ എത്തിയത്. നാലാമത്തെ വിമാനം കൂടി ഇന്ന് എത്തുന്നതോടെ, ഇന്ത്യ നാട്ടിലെത്തിച്ച പൗരന്മാരുടെ എണ്ണം 907 ആകും. മൂന്ന് വിമാനങ്ങൾ കൂടി റൊമാനിയയിലേയ്‌ക്ക് തിരിച്ചിട്ടുണ്ട്.
Comments