കീവ് : അധിനിവേശത്തിന് ശ്രമിക്കുന്ന റഷ്യൻ സൈന്യത്തെ പല്ലും നഖവുമുപയോഗിച്ച് പ്രതിരോധിച്ച് യുക്രെയ്ൻ. രണ്ടാമത്തെ വലിയ നഗരമായ ഖാർകീവ് റഷ്യൻ സേനയിൽ നിന്നും യുക്രെയ്ൻ സൈന്യം പിടിച്ചെടുത്തു. മണിക്കൂറുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ വൈകീട്ടോടെയാണ് റഷ്യൻ സേനയെ യുക്രെയ്ൻ നഗരത്തിൽ നിന്നും പുറത്താക്കിയത്.
തലസ്ഥാന നഗരിയായ കീവിൽ നിർണായക മുന്നേറ്റം നടത്തിയ റഷ്യ ശേഷം ലക്ഷ്യമിട്ടത് ഖാർകീവ് നഗരമാണ്. നാലാം ദിവസം യുദ്ധം ആരംഭിച്ചപ്പോൾ ഖാർകീവ് ലക്ഷ്യമിട്ടായിരുന്നു സേനയുടെ നീക്കം. നിമിഷങ്ങൾക്കുള്ളിൽ തന്നെ നഗരം റഷ്യൻ സേന പിടിച്ചെടുക്കുകയും ചെയ്തു. പിന്നീട് നടത്തിയ ശക്തമായ പോരാട്ടത്തിനൊടുവിലാണ് യുക്രെയ്ൻ സൈന്യം ഖാർകീവ് തിരിച്ചുപിടിച്ചത്.
നഗരത്തിന്റെ നിയന്ത്രണം പൂർണമായും യുക്രെയ്ൻ സൈന്യത്തിന്റെ കയ്യിൽ ആയതായി പ്രദേശിക ഗവർണർ ഒലേ സിനെഗുബോവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. യുക്രെയ്ൻ സേനയും, പോലീസും ചേർന്ന് നഗരം ശുചിയാക്കി. യുക്രെയ്ൻ സേനയുടെ പ്രതിരോധത്തിൽ പിടിച്ചു നിൽക്കാനാകാതെ നിരവധി റഷ്യൻ സൈനികർ കീഴടങ്ങി. പിടിയിലായ സൈനികർക്കൊന്നും തന്നെ എന്തിനാണ് ആക്രമിക്കുന്നത് എന്ന കാര്യം വ്യക്തമല്ല. അവർ തെറ്റിദ്ധരിക്കപ്പെട്ടവരാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കീഴടങ്ങിയ സൈനികരിൽ ചിലരുടെ ചിത്രങ്ങളും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
നേരത്തെ റഷ്യൻ സേനയ്‌ക്കെതിരായ യുക്രെയ്ൻ സേനയുടെ പോരാട്ടത്തെക്കുറിച്ചും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരുന്നു. റഷ്യൻ ശത്രുക്കളുടെ വാഹനങ്ങൾ തകർത്ത് തരിപ്പണം ആക്കുകയാണെന്നും ശത്രുക്കളെ യുക്രെയ്ൻ സൈന്യം ഉന്മൂലനം ചെയ്യുകയാണെന്നുമായിരുന്നു ഗവർണർ ഫേസ്ബുക്കിൽ കുറിച്ചത്.
Comments