കീവ്: യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്നപ്പോൾ യുക്രെയ്‌ന് നേരെ സഹായഹസ്തം നീട്ടി യൂറോപ്യൻ യൂണിയൻ.യുക്രെയ്‌ന് ആയുധങ്ങൾ വാങ്ങാൻ യൂറോപ്യൻ യൂണിയൻ പിന്തുണ അറിയിച്ചു.യുക്രെയ്‌ന് ആവശ്യമെങ്കിൽ ആയുധങ്ങളും യുദ്ധവിമാനങ്ങളും നൽകുമെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കിയിട്ടുണ്ട്.
യുക്രെയ്‌നിൽ നിന്നുള്ള അഭയാർത്ഥികളെ ഇരുകൈയ്യും നീട്ടി സ്വാഗതം ചെയ്യുന്നുവെന്നും യൂറോപ്യൻ യൂണിയൻ അറിയിച്ചു. യുക്രെയ്‌ന് കൂടുതൽ പിന്തുണ ഉറപ്പാക്കിയ യൂറോപ്യൻ യൂണിയൻ റഷ്യയ്‌ക്ക് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തി.
റഷ്യൻ വാർത്താ ഏജൻസികൾക്കും മാദ്ധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തിയാണ് യൂറോപ്യൻ യൂണിയൻ ഉപരോധം കടുപ്പിച്ചത്. റഷ്യൻ മാദ്ധ്യമങ്ങളായ ആർടി,സ്പുട്‌നിക് എന്നിവയ്‌ക്കാണ് വിലക്ക്. റഷ്യൻ വിമാനങ്ങൾ യൂണിയന്റെ വ്യോമപാതയിലൂടെ പറപ്പിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
തുടർച്ചയായ അഞ്ചാം ദിവസവും യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം തുടരുകയാണ് ബെർഡ്യാൻസ്‌ക് മേഖലയടക്കം റഷ്യ പിടിച്ചെടുത്തതായി റിപ്പോർട്ടുകളുണ്ട്. അതേസമയം ബെലാറൂസ് അതിർത്തിയിലെ രഹസ്യസങ്കേതത്തിൽ നടക്കുന്ന ചർച്ച യുദ്ധത്തിന് പര്യവസാനം കുറിക്കുമെന്ന പ്രതീക്ഷയിലാണ് ലോകം.ഇരു രാജ്യങ്ങളുടേയും പ്രതിനിധികൾ തമ്മിലുള്ള ചർച്ച അല്പസമയം മുൻപ് ആണ് ആരംഭിച്ചത്.
Comments