മോസ്കോ: രണ്ടു ലോകമഹായുദ്ധങ്ങളുടെ കെടുതികൾ നേരിട്ട ലോകം ഇന്ന് കണ്ണും കാതും കൂർപ്പിച്ചിരിക്കുന്നത് ഒരേ ഒരു ബിന്ദുവിലേക്കാണ്, യുക്രെയ്നിലേക്ക്. യുദ്ധക്കൊതി തീരാത്ത റഷ്യൻ ഭരണവർഗം യുക്രെയ്നുമേൽ പിടിമുറുക്കുമ്പോൾ ഉയർന്നു കേൾക്കുന്ന ഒരു പേരുണ്ട് കെജിബി അഥവാ കൊമിതെ ഗോസുദാഴ്സ് ത്വെനോയ് ബെജോപസ് നോസ്തി. പറയാൻ ബുദ്ധിമുട്ടുള്ളതുപോലെ അറിയാനും പ്രയാസമുള്ള റഷ്യൻ രഹസ്യാന്വേഷണ വിഭാഗമായിരുന്ന കെജിബി ലോകം കണ്ട കുപ്രസിദ്ധമായ ചാരക്കണ്ണുകളുടെ മറുപേരാണ്. എന്നും ഈ മൂന്നക്ഷരങ്ങളിലായിരുന്നു സോവിയറ്റ് യൂണിയന്റെ അചഞ്ചലമായ വിശ്വാസം. ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങൾ കെജിബിയുടെ കഴുകൻകണ്ണുകളാൽ ഒരിക്കലെങ്കിലും കൊത്തിവലിക്കപ്പെട്ടിട്ടുണ്ട്.
എന്താണ് കെജിബി.ആരാണ് കെജിബി.?എന്തുകൊണ്ട് കെജിബി ഇപ്പോൾ പ്രസക്തമാകുന്നു?
1954-ൽ സ്ഥാപിതമായ കെജിബിക്ക് സുദീർഘമായൊരു പിന്നാമ്പുറ ചരിത്രമുണ്ട്. ബോൾഷെവിക് ഗവൺമെന്റിന്റെ കാലത്ത് തുടങ്ങിയ ചരിത്രം. വിപ്ലവവും പ്രതിവിപ്ലവവും അട്ടിമറികളുമായി സോവിയറ്റ് യൂണിയൻ അസ്വാരസ്യങ്ങളും ആശങ്കകളുമായി കഴിയുന്നകാലം. പ്രഭുക്കന്മാരും ബൂർഷ്വാസിയും പുരോഹിതന്മാരും ഉൾപ്പെടുന്ന ഭരണകൂടത്തിൽ ശത്രുവാര്, മിത്രമാര് എന്ന് തിരിച്ചറിയാൻ കഴിയാത്തകാലത്ത് ഒരുരഹസ്യാന്വേഷണ വിഭാഗത്തിന്റെ ആവശ്യം ഭരണകൂടത്തിന് ബോധ്യപ്പെട്ടു. കലാപങ്ങളുടെയും അട്ടിമറികളുടെയും പ്രഭവകേന്ദ്രങ്ങളെ കണ്ടെത്താൻ രൂപംകൊണ്ട രഹസ്യാന്വേഷണ വിഭാഗം ക്രമേണ കെജിബിയെന്ന പേരിൽ ലോകംകണ്ട കുപ്രസിദ്ധ ചാരസംഘടനയായി വളർന്നു.
രാജ്യത്തിന്റെ സുരക്ഷ ചുമതല ആദ്യകാലത്ത് എൻകെഡിവി, എംജിബി എന്നീ രഹസ്യാന്വേഷണ വിഭാഗം നടപ്പാക്കി. അവയുടെ കാലോചിതമായ പുനക്രമീകരണങ്ങളിൽ 1954 മാർച്ചിൽ ഇവാൻ സെറോവിന്റെ കീഴിൽ രഹസ്യാന്വേഷണ വിഭാഗമായ കെജിബിയുടെ രൂപീകരണത്തിന് കാരണമായി. റഷ്യൻ ചാരസംഘടന മേധാവികൾ അധികാരകൊതി ഉളളവരും ഭരണകൂടത്തെ അട്ടിമറിക്കാൻ പ്രാപ്തരുമായിരുന്നു.
1964 ൽ അധികാരത്തിലിരുന്ന ബ്രെഷ്നെവ് അതിമോഹമുള്ള ചാരമേധാവികളെക്കുറിച്ച് ആശങ്കാകുലനായിരുന്നു. കെജിബി ചെയർമാനായിരുന്ന അലക്സാണ്ടർ ഷെലെപിൻ കൊട്ടാര അട്ടിമറി നടത്തിയ ആളുമായിരുന്നു.
കേവലം ചാരപ്രവർത്തനം മാത്രമായിരുന്നില്ല, രാജ്യസുരക്ഷ, വിദേശരഹസ്യാന്വേഷണം, രാഷ്ട്രീയ നേതൃത്വത്തിന്റെ സംരക്ഷണം, അതിർത്തി സൈനികരുടെ മേൽനോട്ടം, ജനസംഖ്യ നിരീക്ഷണം തുടങ്ങി ഒരു രാജ്യത്തിന്റെ സർവ്വതും കെജിബിയിൽ ഉള്ളടങ്ങിയിരുന്നു. ജെറ്റ് പ്രൊപ്പൽഷൻ, റഡാർ, എൻക്രിപ്ഷൻ എന്നിവയിലെ പുരോഗതിയെക്കുറിച്ചുള്ള ശാസ്ത്രീയവും സാങ്കേതികവുമായ രഹസ്യവിവരങ്ങൾചോർത്തുന്നതിൽ കെജിബിയുടെ ചാരപ്രവർത്തനം വിജയിച്ചു. ഗോർബച്ചേവ് 1991 ഡിസംബർ മൂന്നിന് കെജിബിയെ പിരിച്ചു വിടുംവരെ സോവ്യയറ്റ് യൂണിയന്റെ തലവര നിശ്ചയിച്ചത് കെജിബി ആയിരുന്നു.
പിരിച്ചു വിട്ട് മൂന്നുപതിറ്റാണ്ട് പിന്നിട്ടെങ്കിലും റഷ്യ ഞരമ്പിൽ തിളയ്ക്കുന്നത് കെജിബിയുടെ തന്നെ ചോരയാണ്. കാരണം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഒരിക്കൽ കെജിയുടെ തലവനായിരുന്നു.
1975ൽ ലെനിൽഗ്രാഡ് സ്റ്റേറ്റ്യൂണിവേഴ്സിറ്റിയിൽ നി്ന്നുംനിയമബിരുദം നേടിയിട്ട് പുടിൻ നേരെ പോയത് കെജിബിയിലേക്ക്. ചടുലമായ ചിന്തകളിലൂടെ ചാരൻമാരെ സൃഷ്ടിച്ച കെജിബിയിലേക്ക് വിദേശചാരൻമാരെ റിക്രൂട്ട് ചെയ്യുന്ന സംഘത്തിലേക്കാണ് ആദ്യം നിയമിക്കപ്പെട്ടത്. ഇത് അദ്ദേഹത്തിന്റെ മിടുക്കിനുള്ള സാക്ഷ്യമാണ്.
1991 ൽ പിരിച്ചുവിടുംവരെയുള്ള 15 വർഷക്കാലം കെജിബിയിൽ പ്രവർത്തിച്ച പുടിൻ കേണലായാണ് ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിക്കുന്നത്. ഈ കാലഘട്ടത്തിൽ അച്ചടക്കവും സത്യസന്ധതയുമുള്ളയാളായാണ് പുടിൻ അറിയപ്പെടുന്നത്. പിന്നീട് റഷ്യയെ മാറ്റിമറിക്കാൻ രാഷ്ട്രീയത്തിലേക്ക.് എട്ട് വർഷത്തിനകം പുട്ടിൻ പ്രസിഡന്റ് പദവിയിലേക്ക്. പ്രധാനമന്ത്രിയും പ്രസിഡന്റുമായി വേഷംപകർന്നാടി. ഭരണഘടനയിൽ മാറ്റംവരുത്തി 83 മൂന്നുവയസ്സുവരെ തുടരാൻ തടസ്സമൊഴിവാക്കിയിരിക്കുകയാണ് ഈ മുൻ കെജിബി ചാരൻ
യുഎന്നും യൂറോപ്യൻ യൂണിയനും ഉൾപ്പെടെ ലോകരാജ്യങ്ങൾ റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ എതിർത്തപ്പോഴും ഒരുമൂന്നാംലോക മഹായുദ്ധം തന്നെ സംഭവിച്ചാലും യുക്രെയ്ൻ ആക്രമണത്തിൽ നിന്ന് അണുവിട പിന്നാക്കം പോകില്ലെന്ന പുട്ടിന്റെ തീരുമാനത്തിനു പിന്നിലുള്ളത് ചാരക്കാലത്ത് നേടിയ ആത്മവിശ്വാസമാണ്. എവിടെ നിന്ന് നിങ്ങൾ ഒരു ചെറുവിരൽ അനക്കിയാലും അറിയുമെന്ന ആത്മവിശ്വാസം. കെജിബിയുടെ മുൻതലവന് ലോകത്തിന്റെ രഹസ്യനീക്കങ്ങൾ ഉള്ളംകൈയ്യിലെ രേഖപോലെ സുവ്യക്തമാണല്ലോ..
Comments