ന്യൂഡൽഹി: സംഘർഷഭരിതമായ യുക്രെയ്‌നിൽ നിന്നും ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുകയാണ്. ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കുന്നതിനായി കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികളെ കുറിച്ചും, നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് വിശദീകരിച്ചു.
യുക്രെയ്‌നിൽ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി തിരികെ എത്തിക്കുമെന്നും, കലുഷിതമായ സാഹചര്യങ്ങളിലും അവരുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി രാഷ്‌ട്രപതിയെ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ മുഴുവൻ സംവിധാനങ്ങളും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലും പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചിരുന്നു.
ഓപ്പറേഷൻ ഗംഗയുടെ നടപടികൾ ഏകോപിപ്പിക്കുന്നതിനായി നാല് കേന്ദ്രമന്ത്രിമാരേയും യുക്രെയന്റെ അയൽരാജ്യങ്ങളിലേക്ക് അയക്കാൻ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം നടക്കുന്ന അതിർത്തി മേഖലകളിലേക്കാണ് മന്ത്രിമാരെ അയക്കുന്നത്. ഹർദീപ് സിങ് പുരി, കിരൺ റിജിജു, ജ്യോതിരാദിത്യ സിന്ധ്യ, ജനറൽ.വി.കെ.സിങ് എന്നിവർക്കാണ് ഇതിന്റെ ചുമതല.
അതേസമയം, ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള ഏഴാമത്തെ വിമാനം ബുക്കാറസ്റ്റിൽ നിന്നും മുംബൈയിലെത്തി. 182 ഇന്ത്യൻ പൗരന്മാരാണ് വിമാനത്തിലുണ്ടായിരുന്നത്. അഞ്ച് വിമാനങ്ങളിലായി ഏകദേശം ആയിരം ഇന്ത്യക്കാരാണ് ഇന്ന് തിരികെ എത്തുന്നത്.
Comments